നിപ: കർണാടകയിൽ ജാഗ്രതാ നിർദേശം

ബംഗളൂരു: കോഴിക്കോട് നിപ ബാധിച്ച് 12 വയസുകാരൻ മരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി കർണാടക സർക്കാർ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കുന്നതിനും പ്രത്യേകിച്ച് കേരളത്തോട് ചേർന്നുള്ള അതിർത്തി ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കുന്നതിനുമായി കർണാടക ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ പ്രത്യേക ഉത്തരവിറക്കി.

സംസ്ഥാന വ്യാപകമായാണ് ജാഗ്രത നിർദേശം പുറത്തുവിട്ടത്. എന്നാൽ, കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നട, ഉഡുപ്പി, കുടക്, മൈസൂരു, ചാമരാജ് നഗർ എന്നീ ജില്ലകളിൽ ശക്തമായ നിരീക്ഷണവും പരിേശാധനയും നടത്താൻ അതാത് ജില്ല ഡെപ്യൂട്ടി കമീഷണർമാർക്ക് നിർദേശം നൽകി. കേരളത്തിൽനിന്നും കർണാടകയിലെ അതിർത്തി ജില്ലകളിലേക്കും മറ്റു ജില്ലകളിലേക്കും എത്തുന്നവരിൽ നിപ രോഗ ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

പനി, ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്നം, ഛർദി, പേശിവേദന, വയറിളക്കം, ക്ഷീണം, തലവേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ കേരളത്തിൽനിന്നും വരുന്നവർക്കുണ്ടോയെന്ന് നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം. നിപ വൈറസുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താനും നിർദേശമുണ്ട്.

രോഗ ലക്ഷണമുള്ളവരുടെ സ്രവ സാമ്പിളുകൾ പുനെയിലെ വൈറോളജി ലാബിലേക്ക് അയച്ച് രോഗമുണ്ടോയെന്ന് ഉറപ്പുവരുത്തണം. രോഗം സ്ഥിരീകരിച്ചാൽ പ്രത്യേക ചികിത്സയില്ലാത്തതിനാൽ മരണ സാധ്യത ഒഴിവാക്കാൻ ആൻറി വൈറൽ മരുന്നായ റിബാവൈറിൻ നൽകാമെന്നും ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. രോഗ വ്യാപനത്തെ പ്രതിരോധിക്കാൻ സമ്പർക്ക പട്ടിക ഉൾപ്പെടെ തയ്യാറാക്കുന്നതിനായുള്ള ഒരുക്കം നടത്തണം. ദിവസേന ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറാനും നിർദേശിച്ചിട്ടുണ്ട്. നിപ വൈറസിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധരോട് നിർദേശിച്ചിട്ടുണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. 

Tags:    
News Summary - Nipah: Vigilance issued in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.