മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 12,000 കോടി രൂപ വായ്പ തട്ടിപ്പ് നടത്തി നാടുവിട്ട വജ്രവ്യാപാരി നീരവ് മോദി 2014ൽ കൈക്കലാക്കിയ ഭൂമി കര്‍ഷകര്‍ ‘തിരിച്ചുപിടിച്ചു’. മഹാരാഷ്ട്ര അഹ്മദ്നഗര്‍ ജില്ലയില്‍ കര്‍ജത് താലൂക്കിലെ ഖണ്ടാലയില്‍ 125 ഏക്കര്‍ ഭൂമിയിലാണ് ‘കാളീ ആയി മുക്തി സംഗ്രാം’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ‘കൃഷിഭൂമി തിരിച്ചുപിടിക്കൽ’ സമരം നടത്തിയത്. വായ്പാ തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ഭൂമിയാണിത്.
കാളവണ്ടികളിലെത്തിയ 200 കർഷകർ ട്രാക്ടറുപയോഗിച്ച് നിലമുഴുത് കൃഷിക്ക് തുടക്കമിടുകയും ചെയ്തു. 125 ഏക്കറിലും ഉടൻ കൃഷിയിറക്കുമെന്ന് അവർ പ്രഖ്യാപിച്ചു. ദേശീയപതാകയുമായി എത്തിയ കർഷകർ ശിവജിയുടെയും ബി.ആർ. അംബേദ്കറുടെയും ചിത്രങ്ങൾ കൈയിലേന്തിയിരുന്നു.
അഞ്ചുവര്‍ഷം മുമ്പ് ഭൂമാഫിയ വഴി നീരവ് മോദിയും കമ്പനിയും തുച്ഛവിലക്ക് ഭൂമി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കർഷകരുടെ ആരോപണം. 2014ലെ വരള്‍ച്ചയിൽ കൃഷി മുടങ്ങിയപ്പോൾ ഭൂമാഫിയ ഏക്കറിന് 20 ലക്ഷം രൂപ വിലയുണ്ടായിരുന്ന ഭൂമി ഏക്കറിന് വെറും 10,000 രൂപക്ക് കർഷകരിൽനിന്ന് തട്ടിയെടുക്കുകയായിരുന്നു. നീരവ് മോദി ചുമതലപ്പെടുത്തിയ വ്യക്തിയും അദ്ദേഹത്തിെൻറ ഫയര്‍സ്റ്റോണ്‍ കമ്പനി അധികൃതരുമാണ് ഇടപാടിന് എത്തിയത്. ഇവിടെ ഫയര്‍സ്റ്റോണ്‍ കമ്പനിയുടെ പേരില്‍ താപനിലയം സ്ഥാപിച്ചിട്ടുണ്ട്.
കൃഷിയിടം നഷ്ടമായതിനെതുടർന്ന് പാപ്പരായ കര്‍ഷക കുടുംബത്തിലെ യുവാക്കള്‍ മുംബൈ, പുണെ, നാസിക് എന്നിവിടങ്ങളിലേക്ക് തൊഴില്‍ തേടിപ്പോയി. ഭൂമി തിരിച്ചുനൽകണമെന്ന കർഷകരുടെ ആവശ്യം അംഗീകരിച്ചില്ലെന്നുമാത്രമല്ല, ഭൂമി ൈകയേറ്റത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു.
നീരവ് മോദി മുങ്ങിയതിനെ തുടർന്നാണ് ഭൂമി തിരിച്ചുപിടിച്ച് കൃഷിയിറക്കാന്‍ തീരുമാനിച്ചതെന്ന് സമരത്തിന് നേതൃത്വംനല്കുന്ന സച്ചി പറഞ്ഞു. പ്രദേശത്തെ 250 ഏക്കറിലേറെ കൃഷിഭൂമി വന്‍കിടക്കാര്‍ കൈക്കലാക്കിയിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. കര്‍ഷകസംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ കര്‍ഷകരെ സഹായിക്കാനെത്തിയില്ലെന്നും സമരനേതാക്കള്‍ കുറ്റപ്പെടുത്തി. സംഭവം പൊലീസിൽ റിപ്പോർട്ടുചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.