ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ അക്ഷയ് താക്കൂർ സമർപ്പിച്ച ദയാഹരജി രാഷ്ട്ര പതി രാംനാഥ് കോവിന്ദ് തള്ളി. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾ ദയാഹരജി സമർപ്പിച്ചത്. കേസിലെ രണ്ട് പ്രതികളായ വിനയ് ശർ മയുടെയും മുകേഷ് സിങ്ങിന്‍റെയും ദയാഹരജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.
അക്ഷയ് താക്കൂർ വധശിക്ഷക്കെതിരെ സമർപ്പിച്ച തിരുത്തൽ ഹരജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. ദയാഹരജി രാഷ്ട്രപതി തള്ളിയതോടെ വധശിക്ഷയിൽ നിന്നൊഴിവാകാനുള്ള നിയമപരമായ സാധ്യതകൾ അടഞ്ഞു.
പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റാനായിരുന്നു ആദ്യം തീരുമാനിച്ചത്. പ്രതികൾ ദയാഹരജി നൽകിയതോടെ ഇത് ഫെബ്രുവരി ഒന്നിലേക്ക് നീട്ടി. ജനുവരി 31ന് പ്രതികളുടെ മരണവാറണ്ട് ഡൽഹി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തതോടെ ഈ തീയതിയും മാറ്റി. മരണവാറണ്ട് സ്റ്റേ ചെയ്ത ഉത്തരവിനെതിരെ കേന്ദ്ര-ഡൽഹി സർക്കാറുകൾ സുപ്രീംകോടതിയിൽ ഹരജി നൽകിയിരിക്കുകയാണ്.
2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂരപീഡനത്തിനും ഇരയായത്. സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ രണ്ടാഴ്ചക്കുശേഷം മരണത്തിനു കീഴടങ്ങി.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് സിങ് താക്കൂർ (31), പവൻ കുമാർ (22) എന്നിവർക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്ക് മൂന്നു വർഷം ജയിൽ ശിക്ഷയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.