ഞങ്ങൾ തെരുവിലിറങ്ങി പകരം വീട്ടിയാൽ വായ് തുറക്കാൻ പോലുമാകില്ല; മുസ്‍ലിം വിരുദ്ധ പരാമർശത്തിൽ നിതേഷ് റാണെക്ക് മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ്

മുംബൈ: മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ അനഭിമതനായി ബി.ജെ.പി നേതാവും എം.എൽ.എയുമായ നിതേഷ് റാണെ. കങ്കാവ്‍ലിയിൽ നിന്നുള്ള നിയമസഭാംഗമാണ് നിതേഷ് റാണെ.

മുസ്‍ലിംകളെ ആക്രമിക്കാനാണ് റാണെ ഉദ്ദേശിക്കുന്നതെങ്കിൽ മുസ്‍ലിം പള്ളികൾ സന്ദർശിക്കാൻ ധൈര്യമുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് ഹാജി അർഫത്ത് ​ശൈഖ് വെല്ലുവിളിച്ചു. നാവിന് വെളിവില്ലാത്ത റാണെയെ നിയന്ത്രിക്കാനും അദ്ദേഹം പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.

 റാണെ അതിരു കടന്നിരിക്കുന്നു. അദ്ദേഹം ഗബ്ബർ(ബോളിവുഡ് സിനിമയിലെ കുപ്രസിദ്ധനായ വില്ലൻ) അല്ല ഹിന്ദുക്കളുടെ ഗോബർ(തീയിടുന്നവൻ) ആണെന്നും അർഫത്ത് ശൈഖ് പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. പ്രവാചകനെയും ഇസ്‍ലാമിനെയും കുറിച്ച് അപകീർത്തികരമായ ഭാഷ ഉപയോഗിക്കുന്നതിന് മുന്നറിയിപ്പ് നൽകിയ അർഫത്ത് ശൈഖ്, മുസ്‍ലിംകൾ പ്രതികാരം ചെയ്യാൻ തെരുവിലിറങ്ങിയാൽ റാണെക്ക് വായ് തുറക്കാൻ പോലും കഴിയില്ലെന്നും പറഞ്ഞു.

മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്‍ലിം ഖാതിക് സമാജ് യൂനിറ്റിന്റെ തലവനും മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ മേധാവിയുമായിരുന്നു ശൈഖ്. റാണെയുടെ മുസ്‍ലിം വിരുദ്ധ പരാമർശത്തെ തുടർന്ന് ബി.ജെ.പി നേതാവ് എന്ന നിലയിൽ തന്റെ സമുദായത്തെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഹ്മദ് നഗറിലെ ശ്രീറാംപൂർ, തോപ്ഖാന പ്രദേശങ്ങളിൽ അടുത്തിടെ റാണെ നടത്തിയ പ്രസംഗത്തിലാണ് മുസ്‍ലിംകൾക്കെതിരായ പരാമർശമുണ്ടായത്. നേരത്തേ ഇസ്‌ലാമിനെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ ഹിന്ദു ദർശകനായ മഹന്ത് രാംഗിരി മഹാരാജിനെ പിന്തുണച്ച് സംസാരിച്ച റാണെ മുസ്‍ലിം സമുദായത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

''നിങ്ങളുടെ പള്ളികളിൽ കയറി നിങ്ങളെ ഓരോരുത്തരെയായി അടിക്കും. നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിലാണ് ഞാൻ നിങ്ങളെ ഭീഷണിപ്പെടുത്തുന്നത്. ഞങ്ങളുടെ രാമഗിരി മഹാരാജിനെതിരെ എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ പള്ളികളിൽ കയറും. അവിടെയുള്ള ആളുകളെ ഒന്നൊന്നായി അടിക്കും. ഓർത്തോളൂ.''-എന്നായിരുന്നു റാണെയുടെ ഭീഷണി. താൻ തെരുവിലൂടെ നടക്കുമ്പോൾ മുസ്‍ലിംകൾ അവര​ുടെ വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടുമെന്നും റാണെ വീമ്പിളിക്കി.

എന്നാൽ ഹിന്ദുത്വം എന്താണെന്ന് റാണെ മനസിലാക്കണമെന്നായിരുന്നു അതിന് ശൈഖിന്റെ മറുപടി. അംബേദ്കറുടെ ഹിന്ദുത്വവും ശ്രീരാമന്റെ ഹിന്ദുത്വവും ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വവും എന്താണെന്ന് മനസിലാക്കണം. താങ്കൾ പറഞ്ഞത് മഹാരാഷ്ട്രയിലെ ഹിന്ദുക്കളുടെയും നിലപാടല്ല. മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങൾ തനിക്കും തന്റെ പിതാവിനും മന്ത്രിസ്ഥാനം ആഗ്രഹിച്ചാണോ എന്നും ശൈഖ് ചോദിച്ചു. മുതിർന്ന ബി.ജെ.പി നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്, ആശിഷ് ഷെലാർ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരോട് പ്രശ്നം പരിഹരിക്കാനും ശൈഖ് അഭ്യർഥിച്ചു.

അഹമ്മദ്‌നഗറിൽ നിന്നുള്ള മുൻ ബി.ജെ.പി എം.പി സുജയ് വിഖെ പാട്ടീലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനെതിരെ റാണെക്ക് മുന്നറിയിപ്പ് നൽകി. റാണെയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.

Tags:    
News Summary - Nitesh Rane faces backlash from BJP colleague over anti Muslim remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.