ലഖ്‌നൗ: ക്ഷേത്ര പരിസരത്ത് ഭക്തർ മാന്യമായ രീതിയിലുള്ള വസ്ത്രം ധരിക്കണമെന്ന് വൃന്ദാവൻ താക്കൂർ ബങ്കേബിഹാരി ക്ഷേത്ര അധികൃതർ. മിനിസ്കേട്ടറ്, കീറിയ ജീൻസ്, ട്രൗസർ പോലുള്ള അനുചിതമായ വസ്‍ത്രങ്ങൾ ധരിക്കരുതെന്നും അത് അന്തസ്സിന് നിരക്കുന്നതല്ലെന്നുമാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. പുതുവർഷത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്താണ് പുതിയ നിർദേശം.
''മിനി സ്കേർട്ട്, കീറിയ ജീൻസ്, ഹാഫ് പാൻ്റ്സ്, നൈറ്റ് സ്യൂട്ടുകൾ തുടങ്ങിയ വസ്ത്രങ്ങൾ ക്ഷേത്രത്തിന് അനുയോജ്യമല്ല, ഇത് ക്ഷേത്രത്തിന്റെ പവിത്രതയും അന്തസ്സും ഇല്ലാതാക്കുന്നു''-ക്ഷേത്രം അധികൃതർ പറഞ്ഞു. മാധ്യമങ്ങളിലൂടെയും നഗരത്തിലുടനീളം പ്രത്യേകിച്ച് റോഡുകളിലും ക്ഷേത്രത്തിലേക്കുള്ള വഴികളിലും പതിച്ച ബാനറുകളിൽ പുതിയ നിർദേശം ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാധ്യമ ചാനലുകൾ വഴിയും ഇതിന് പ്രചാരണം നൽകുന്നുണ്ട്.
ക്ഷേത്രത്തിന്റെ സംസ്കാരവും അന്തസ്സും കാത്തുസംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർദേശങ്ങളെന്ന് ക്ഷേത്ര മാനേജർ മുനീഷ് ശർമ വ്യക്തമാക്കി. 'ജീൻസും ടീ ഷർട്ടും പോലുള്ള കാഷ്വൽ ടൂറിസ്റ്റ് വസ്ത്രങ്ങൾ ധരിച്ച് പ്രദേശത്തിന് പുറത്ത് നിന്നുള്ള ഭക്തർ എത്തുന്ന സംഭവങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്. ഇത് ക്ഷേത്രത്തിന്റെ പാരമ്പര്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്'- ശർമ പറഞ്ഞു. എല്ലാ വർഷവും ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ആയിരക്കണക്കിന് ആളുകളാണ് താക്കൂർ ബങ്കേബിഹാരി ക്ഷേത്രം സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.