ന്യൂഡൽഹി: ബി.ജെ.പിയുടെ ഉന്നതതല തീരുമാനങ്ങളെടുക്കുന്ന സമിതിയിൽ നിന്നും പുറത്തായതിന് പിന്നാലെ സർക്കാറിനെ വിമർശിച്ച് നിതിൻ ഗഡ്കരി. സർക്കാർ ശരിയായ സമയത്ത് തീരുമാനങ്ങളെടുക്കാത്തതാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമെന്ന് ഗഡ്കരി പറഞ്ഞു. ഞായറാഴ്ച സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഗഡ്കരിയുടെ പരാമർശം.
നിങ്ങൾക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാം. അതിനുള്ള ശേഷി നിങ്ങൾക്കുണ്ട്. ഇന്ത്യൻ അടിസ്ഥാന സൗകര്യവികസന മേഖലയുടെ ഭാവി സമ്പന്നമാണ്. നമുക്ക് നല്ല സാങ്കേതിക വിദ്യ സ്വീകരിക്കാം. നല്ല ഗവേഷണവും അതിന്റെ ശരിയായ രീതിയിലുള്ള ഉപയോഗവും രാജ്യത്തുണ്ട്. അടിസ്ഥാന സൗകര്യ വികസനമേഖലയിൽ ചെലവ് കുറക്കാനുള്ള മാർഗങ്ങളും നമുക്കുണ്ട്. എന്നാൽ, നമുക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി സമയമാണ്. കൃത്യസമയത്ത് തീരുമാനങ്ങളെടുക്കാൻ സർക്കാറിന് സാധിക്കുന്നില്ലെന്ന് ഗഡ്കരി വിമർശിച്ചു.
ഒരു പ്രത്യേക സർക്കാറിനെ പരാമർശിച്ചല്ല ഗഡ്കരിയുടെ പ്രസ്താവന. അതേസമയം, കഴിഞ്ഞയാഴ്ച നടന്ന ഒരു പരിപാടിയിൽ വലിയ നാഴികകല്ലുകൾ പിന്നിടുന്നതിൽ സർക്കാറിന്റെ മേന്മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകീർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമയത്തിന് തീരുമാനമെടുക്കാത്ത സർക്കാറിനെ ഗഡ്കരി വിമർശിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.