ന്യൂഡൽഹി: എൻ.ഡി.എ വിട്ട് ഇൻഡ്യ മുന്നണിയിൽ ചേരുമെന്ന അഭ്യൂഹത്തിന് വിരാമമിട്ട് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും. ബുധനാഴ്ച ഡൽഹിയിലേക്കുള്ള വിമാനത്തിൽ അടുത്തുള്ള വരികളിൽ നിതീഷ് കുമാറും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഇരിക്കുന്ന ചിത്രം പുറത്തുവന്നതും ഇൻഡ്യ മുന്നണി നേതാക്കളുടെ ട്വീറ്റുകളുമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതുമുതലുണ്ടായ അഭ്യൂഹം ശക്തമാക്കിയത്.
എന്നാൽ, ഡൽഹിയിലെത്തിയ നിതീഷും നായിഡുവും എൻ.ഡി.എക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കുകയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. എൻ.ഡി.എ സഖ്യകക്ഷികളായിരുന്ന ഇരുവരും മോദിയെ ഭരണത്തിൽനിന്ന് താഴെയിറക്കാൻ നേരത്തെ പ്രതിപക്ഷത്തോടൊപ്പം നിന്നിരുന്നു. വീണ്ടും എൻ.ഡി.എയുടെ ഭാഗമാകാൻ തീരുമാനിച്ചതോടെ ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പദവിയെന്ന വിഷയം പ്രതിപക്ഷം വീണ്ടും എടുത്തിട്ടു.
ഡോ. മൻമോഹൻ സിങ് വാഗ്ദാനം ചെയ്തതുപോലെ ആന്ധ്രപ്രദേശിന് പ്രത്യേക പദവി പ്രഖ്യാപിക്കാൻ ബി.ജെ.പിക്ക് സാധിക്കുമോയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു. ഈ വിഷയത്തിൽ ഉടക്കിയാണ് 2018ൽ നായിഡു എൻ.ഡി.എ വിട്ടത്. നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും സമ്മർദത്തിലാക്കുന്നതോടെ മൂന്നാം മോദി സർക്കാർ പ്രതിരോധത്തിലാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.