പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബി.ജെ.പിയുമായുള്ള ബന്ധം വിട്ടിട്ടില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ആഗസ്റ്റിലാണ് നിതീഷ് കുമാർ എൻ.ഡി.എ വിട്ട് ആർ.ജെ.ഡിയുമായി ചേർന്ന് ബിഹാർ ഭരിക്കാൻ തുടങ്ങിയത്. എന്നാൽ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് ഇപ്പോഴും തുടരുകയാണെന്നും അതുവഴി ബി.ജെ.പിയുമായുള്ള ബന്ധം നിതീഷ് തുടരുന്നുണ്ടെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു.
'അദ്ദേഹം സഖ്യത്തിൽ നിന്ന് പുറത്തുവന്നെങ്കിൽ എന്തിനാണ് അദ്ദേഹത്തിന്റെ ഒരു എം.പി ഇപ്പോഴും രാജ്യസഭയിലെ പ്രധാന സ്ഥാനം വഹിക്കുന്നതെന്ന് മനസിലാക്കാനാകുന്നില്ല. ഞാൻ മനസിലാക്കുന്നത് നിതീഷ് ഇതുവരെയും ബി.ജെ.പിയുമായുള്ള ബന്ധം പൂർണമായി വിട്ടിട്ടില്ലെന്നാണ്.' -എ.എൻ.ഐക്ക് നൽകിയ വിഡിയോയിൽ പ്രശാന്ത് കിഷോർ ആരോപിച്ചു.
'എനിക്ക് അറിയാവുന്നിടത്തോളം നിതീഷ് കുമോർ മഹാഘട്ബന്ധനോടൊപ്പമാണെങ്കിലും ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയർമനായ ജെ.ഡി.യു എം.പി ഹരിവംശ്. അദ്ദേഹം രാജ്യസഭയിലെ സ്ഥാനം രാജിവെക്കുകയോ പാർട്ടി അങ്ങനെ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുമില്ല. - പ്രശാന്ത് കിഷോർ പറഞ്ഞു.
ആഗസ്തിലാണ് എൻ.ഡി.എ വിട്ട് മഹാഘട്ബന്ധനുമായി ചേർന്ന് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തത്.
'പലരും കരുതുന്നത് നിതീഷ് മഹാസഖ്യത്തിനൊപ്പം ചേർന്ന് കേന്ദ്രത്തിലെ ബി.ജെ.പിക്കെതിരെ പ്രവർത്തിക്കുന്നുവെന്നാണ്. അത് വിശ്വസനീയമല്ല. 17 വർഷം നിതീഷ് മുഖ്യമന്ത്രിയായിട്ടുണ്ട്. അതിൽ 14 വർഷവും ബി.ജെ.പിയുടെ പിന്തുണയുണ്ടായിട്ടുണ്ട്' - പ്രശാന്ത് കിഷോർ പറഞ്ഞു.
ജെ.ഡി.യു നാഷണൽ വൈസ് പ്രസിഡന്റായി പാർട്ടിയിൽ ചേർന്ന പ്രശാന്ത് കിഷോറിനെ പിന്നീട് പാർട്ടി തീരുമാനങ്ങൾക്കെതിരെ പ്രവർത്തിച്ചുവെന്ന കാര്യം ചൂണ്ടിക്കാട്ടി 2020 ജനുവരിയിൽ പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.