നിതീഷ് കുമാർ ബി.ജെ.പിയുമായി നല്ല രസത്തിലല്ല; തെരഞ്ഞെടുപ്പിനു ശേഷം വലിയൊരു മാറ്റം സംഭവിക്കും -തേജസ്വി യാദവ്

പാട്ന: ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയ സംഭവ വികാസമുണ്ടാകുമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബി.ജെ.പിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നല്ല രസത്തിലല്ലെന്നും തേജസ്വി യാദവ് അവകാശപ്പെട്ടു.

നിതീഷ് കുമാർ സഖ്യം വിട്ട് ജനുവരിയിൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കിയതോടെ തേജസ്വിക്ക് ഉപപ്രധാനമന്ത്രി സ്ഥാനം നഷ്ടമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ വലിയൊരു തീരുമാനമെടുക്കും. ഇപ്പോൾ ​തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും അദ്ദേഹം പോകുന്നില്ല.-തേജസ്വി പറഞ്ഞു.

ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയതായി ഞാൻ കേട്ടിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയൊരു കാര്യം സംഭവിക്കുമെന്നാണ്.​-തേജസ്വി പറഞ്ഞു. ​ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തേജസ്വി യാദവ് അവകാശപ്പെട്ടു.

സഖ്യത്തിന് 300 സീറ്റ് എങ്കിലും ലഭിക്കും. ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ മൂന്ന് കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ പോകുന്നത്.-തേജസ്വി കൂട്ടിച്ചേർത്തു. 2022 ലാണ് നിതീഷ് കുമാർ എൻ.ഡി.എ സഖ്യം വിട്ട് പ്രതിപക്ഷമായ മഹാഗഡ്ബന്ധനൊപ്പം ചേർന്നത്. 2024 ജനുവരിയിൽ സഖ്യം വിട്ട് വീണ്ടും ബി.ജെ.പിക്കൊപ്പം പോയി. ഒമ്പതാംതവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ബിഹാറിൽ ബി.ജെ.പി 17ഉം ജെ.ഡി.യു 16ഉം സീറ്റുകളി​ലാണ് മത്സരിക്കുന്നത്. ചിരാഗ് പാസ്വാന്റെ ​ലോക് ജൻശക്തി അഞ്ചു സീറ്റിലും ജിതൻ മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവ ഓരോ സീറ്റുകളിലും മത്സരിക്കുന്നു. കോൺഗ്രസും ആർ.ജെ.ഡിയും ഇടതുപാർട്ടികളും ഒന്നിച്ചാണ് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

2019ൽ 40 ലോക്സഭ സീറ്റുകളിൽ 39ഉം എൻ.ഡി.എ സഖ്യത്തിനായിരുന്നു. കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

Tags:    
News Summary - Nitish Kumar not getting along well with BJP, claims Tejashwi Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.