ഇനിയെങ്ങോട്ടുമില്ലെന്ന് നിതീഷ് കുമാർ; വികസനത്തിന്റെ പ്രളയം സൃഷ്ടിക്കാമെന്ന് മോദി

പട്ന: ബിഹാർ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം പുതുക്കി ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എയ്ക്കൊപ്പം ജെ.ഡി.യു ചേർന്ന ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. മുൻപ് മോദി സന്ദർശനം നടത്തിയ വേളയിൽ താൻ പാർട്ടിക്കൊപ്പമുണ്ടായിരുന്നില്ലെന്നും ഇനിമുതൽ എൻ.ഡി.എക്കൊപ്പമുണ്ടാാകുമെന്നും നിതീഷ് കുമാർ പ്രധാനമന്ത്രിയോട് പറഞ്ഞു.

"നിങ്ങൾ മുൻപും സംസ്ഥാനത്ത് എത്തിയിരുന്നു. അന്ന് ഞാൻ എൻ.ഡി.എയിൽ നിന്നും അപ്രത്യക്ഷനായിരുന്നു. എന്നാൽ ഇന്ന് ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഞാൻ ഇനി എങ്ങോട്ടും പോകില്ലെന്ന് ഉറപ്പ് നൽകുന്നു. നിങ്ങളുടെ കൂടെ ഞാനുണ്ടാകും", നിതീഷ് കുമാർ പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം 400ലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഔറംഗബാദിൽ 21,400 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. രത്തൻവ ഗ്രാമത്തിലെ പൊതുറാലിയിലും അദ്ദേഹം സംസാരിച്ചിരുന്നു. സംസ്ഥാനത്തെ ദരിദ്രർക്കൊപ്പം മാത്രമേ ബിഹാർ വികസിക്കുകയുള്ളൂവെന്നും അതിനാൽ, ദരിദ്രരുടെയും ദലിതരുടെയും ആദിവാസികളുടെയും നിരാലംബരുടെയും വികസനത്തിലാണ് ബി.ജെ.പി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മോദി പറഞ്ഞു. കോൺ​ഗ്രസിനെതിരെ പരോക്ഷ വിമർശനവും മോദി ഉയർത്തിയിരുന്നു. എൻ.ഡി.എ ശക്തിപ്പെട്ടതോടെ ബിഹാറിലെ രാജവംശ രാഷ്ട്രീയം അവസാനത്തിലേക്കടുക്കുകയാണ്. ഒരു വ്യക്തിക്ക് തന്റെ രാഷ്ട്രീയം മാതാപിതാക്കളിൽ നിന്ന് ലഭിച്ചേക്കാം, എന്നാൽ അവർ ഒരിക്കലും അച്ഛനും അമ്മയും ചെയ്ത പ്രവർത്തികളെ കുറിച്ച് പരാമർശിക്കാൻ തയ്യാറാകില്ല. അവരുടെ നേതാക്കൾ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും രാജ്യസഭാ സീറ്റുകളിലാണ് ശ്രദ്ധയെന്നും മോദി പറഞ്ഞു.

Tags:    
News Summary - Nitish Kumar says will never leave NDA, Modi says will make a flood of development in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.