ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽതൊട്ട ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിച്ച് പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോർ. മോദിയുടെ കാൽതൊട്ടതിലൂടെ ബിഹാർ ജനതയുടെ അഭിമാനം വിൽക്കുകയാണ് നിതീഷ് കുമാർ ചെയ്തതെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.
എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽവെച്ച് നിതീഷ് കുമാറിന്റെ കാൽതൊട്ട് മോദിയുടെ നടപടിയെയാണ് പ്രശാന്ത് കിഷോർ വിമർശിച്ചത്. എൻ.ഡി.എ സർക്കാർ രൂപീകരിക്കുന്നതിന് മുമ്പായി നടന്ന എൻ.ഡി.എ യോഗത്തിലായിരുന്നു നടപടി.
നിതീഷ് കുമാർ ബിഹാർ ജനതയുടെ അഭിമാനം വിറ്റു. 13 കോടി ജനങ്ങളുടെ അഭിമാനമാണ് മോദിയുടെ കാൽതൊട്ടതിലൂടെ നിതീഷ് വിറ്റതെന്നും കിഷോർ പറഞ്ഞു. ജൻ സൂരജ് കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതീഷിനൊപ്പം നിന്ന താൻ എന്തുകൊണ്ടാണ് ഇപ്പോൾ അദ്ദേഹത്തെ വിമർശിക്കുന്നതെന്ന് പലരും ചോദിക്കുന്നു. അന്നുണ്ടായിരുന്ന നിതീഷല്ല ഇപ്പോഴുള്ളത്. 2014ൽ നിതീഷ് മോദിയുടെ കാൽതൊട്ടിരുന്നില്ല. എന്നാൽ, മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തയാളായി നിതീഷ് മാറിയെന്നും പ്രശാന്ത് കിഷോർ വിമർശിച്ചു. ബിഹാറിൽ നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് കിഷോറായിരുന്നു.
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ 12 സീറ്റിലാണ് ജെ.ഡി.യു ജയിച്ചത്. തുടർന്ന് എൻ.ഡി.എയിലെ നിർണായകശക്തിയായി ജെ.ഡി.യു മാറുകയും ചെയ്തു. ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം ലഭിക്കാതായതോടെയാണ് ജെ.ഡി.യുവിന്റെ പിന്തുണ എൻ.ഡി.എയിൽ നിർണായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.