നിതീഷ് യു ടേൺ വിദഗ്ധൻ, പരിക്കേറ്റവർ നിരവധി; ബിഹാറിലെ ചാഞ്ചാട്ടത്തിന്റെ ചരിത്രമറിയാം

പട്ന: രാഷ്ട്രീയത്തില അപ്രതീക്ഷിത യു ടേൺ വളവ് തിരിക്കുന്നതിൽ വിദഗ്ധനാണ് ബിഹാറിലെ ജെ.ഡി.യു തലവൻ നിതീഷ് കുമാർ. ആയാറാം ഗയാറാം മാതൃകയിൽ ഒരു കൊമ്പിൽനിന്ന് മറ്റൊരു കൊമ്പിലേക്ക് ചാടുമ്പോൾ വളരെ അപൂർവമായി മാത്രമേ ഇദ്ദേഹത്തിന് ചാട്ടം പിഴക്കാറുള്ളൂ. ഒരിക്കൽ ഈ യുടേൺ കൊണ്ട് നേട്ടമുണ്ടാക്കിയ ബി.ജെ.പിക്ക് ഇന്ന് അതേ വളവിൽ വെച്ച് മുറിവേറ്റിരിക്കുന്നു. അന്ന് മുറിവേറ്റ ആർ.ജെ.ഡി അടക്കമുള്ള മതേതര കക്ഷികൾ ഇന്ന് സന്തേഷിക്കുകയും ചെയ്യുന്നു.

ബി.ജെ.പിയോടൊപ്പം

ബിഹാർ ഭരണം ലാലു പ്രസാദ് യാദവ് - റാബ്റി ദേവിയുടെ കുത്തകയായിരി​ക്കെ 2000ൽ നിതീഷ് മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നു. ഏഴ് ദിവസമാണ് ഈ കസേര ഭാഗ്യം ലഭിച്ചത്. പിന്നീട് അഞ്ചുവർഷം കൂടി റാബ്റി ​ ഭരിച്ചു.

 2005ൽ യു.പി.എ സഖ്യം വിട്ട് നിതീഷ് ബി.ജെ.പിയോടൊപ്പം ചേർന്നു. ഈ ചാട്ടം ഫലം കണ്ടു. 2005ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പദം ഉറപ്പിച്ചു. അന്ന് തൊട്ട് ഇന്നുവരെ മുന്നണിയും സഖ്യവും പലവട്ടം മാറിയെങ്കിലും നീണ്ട 17 വർഷത്തി​നിടെ 278 ദിവസം മാത്രമാണ് മുഖ്യമന്ത്രി കസേരയിൽ നിന്ന് നിതീഷിന് മാറിനിൽക്കേണ്ടി വന്നത്. 2010ലെ തെരഞ്ഞെടുപ്പിൽ 115 സീറ്റിൽ ജെ.ഡി.യുവും 91 സീറ്റിൽ ബി.ജെ.പിയും ജയിച്ചു. 243ൽ 216 സീറ്റാണ് മുന്നണി നേടിയത്.

ബി.ജെ.പിയിൽനിന്ന് ആദ്യ യു ടേൺ

എന്നാൽ, 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലവനായി നരേന്ദ്ര മോദിയെ നിയമിച്ചതിൽ പ്രതിഷേധിച്ച് ജെഡിയു സഖ്യം വിട്ടു. 2013 ജൂൺ 16ന് വാർത്താസമ്മേളനം നടത്തിയാണ് ഈ വേർപെടൽ പ്രഖ്യാപിച്ചത്. എന്നാൽ, ഈ ചാട്ടത്തിൽ നിതീഷിന് ചുവട് പിഴച്ചു. പിന്നാലെ നടന്ന 2014ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി സഖ്യം രൂപവത്കരിച്ചാണ് ജെഡിയു മത്സരിച്ചത്. ബിഹാറിലെ മൊത്തം 40 പാർലമെൻറ് സീറ്റുകളിൽ രണ്ട് സീറ്റുകൾ മാത്രമാണ് സഖ്യത്തിന് നേടാനായത്. ബിജെപി-എൽജെപി സഖ്യം 31 സീറ്റുകൾ നേടി.

മുഖ്യമന്ത്രി പദവിയിൽനിന്ന് പുറത്തേക്ക്

തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ജിതൻ റാം മാഞ്ചി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. 2014 മെയ് 23-ന് നിയമസഭയിൽ ബി.ജെ.പി കൊണ്ടുവന്ന വിശ്വാസ വോട്ടിൽ ആർ.ജെ.ഡിയുടെ പിന്തുണയിൽ ജെ.ഡി.(യു) ഭൂരിപക്ഷം തെളിയിച്ചു.

അടുത്ത യുടേൺ

പിന്നാലെ നടന്ന 2015ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവും ആർജെഡിയും കോൺഗ്രസും ചേർന്നാണ് മത്സരിച്ചത്. മത്സരിച്ച 101 സീറ്റിൽ 71 സീറ്റിലും ജെ.ഡി.യു ജയിച്ചു. നിയമസഭയിലെ 243 സീറ്റിൽ 178 സീറ്റും സഖ്യം നേടി. തുടർന്ന് നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി. എന്നാൽ, കൃത്യം ഒരുവർഷവും 248 ദിവസവും പിന്നിട്ടപ്പോൾ നിതീഷ് അടുത്ത യു ടേൺതിരിച്ചു. 2017 ജൂലൈ 26 ന് വൈകീട്ട് അഞ്ച് മണിക്ക്, നിതീഷ് കുമാർ നാടകീയമായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 20 മാസത്തെ മഹാ ഗഡ്ബന്ധൻ (മഹാസഖ്യം) ഭരണത്തിന് അതോടെ അവസാനമായി.

വീണ്ടും ബി.ജെ.പിയിൽ

അടുത്ത ദിവസം (ജൂലൈ 27) രാവിലെ അദ്ദേഹം ബിജെപി പിന്തുണയോടെ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ ഘടകം ബി.ജെ.പിയുമായി കൈകോർത്തതോടെ അന്ന് വൈകീട്ട് തന്നെ കേരള ജെഡിയു അധ്യക്ഷൻ എം.പി. വീരേന്ദ്ര കുമാർ കേരള ഘടകം ജെ.ഡി.(യു)വിൽനിന്ന് വേർപിരിഞ്ഞതായി പ്രഖ്യാപിച്ചു. 2017 ജൂലൈ 28ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ പുതിയ എൻ.ഡി.എ-ജെ.ഡി.യു സർക്കാർ ബിഹാർ നിയമസഭയിൽ 131 പേരുടെ പിന്തുണ നേടി ഭൂരിപക്ഷം ഉറപ്പിച്ചു. 108 വോട്ടാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. നാലുപേർ വിട്ടുനിന്നു.

ക്ഷയിച്ച് ക്ഷീണിച്ച് ജെ.ഡി.യു

2020ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ധൃതരാഷ്ട്രാലിംഗനത്തിൽ ജെ.ഡി.യു ക്ഷയിച്ചു. എൻ.ഡി.എ-ജെ.ഡി.യു സഖ്യത്തിൽ ബി.ജെ.പിക്ക് 77 സീറ്റ് കിടിയപ്പോൾ ജെ.ഡി.യുവിന് വെറും 45 സീറ്റിൽ ഒതുങ്ങേണ്ടിവന്നു. എച്ച്.എ.എം-4, മറ്റുള്ളവർ-1 എന്നിങ്ങനെ സഖ്യത്തിന് ആകെ 127 സീറ്റാണ് ലഭിച്ചത്. ചെറിയ കക്ഷിയായെങ്കിലും മുഖ്യമന്ത്രിപദം മുൻനിശ്ചയപ്രകാരം നിതീഷിന് തന്നെ ലഭിച്ചു. എന്നാൽ, ബി.ജെ.പിയു​ടെ പിൻസീറ്റ് ഡ്രൈവിങ്ങും വല്യേട്ടൻ മനോഭാവവും കൂടുതൽ ശക്തിപ്പെട്ടതോടെ നിതീഷ് പൊറുതിമുട്ടിയിരുന്നു. ഇതോടെ ഭരണത്തിൽ മുഴുക്കെ അസ്വാരസ്യമായിരുന്നു.

ആർ.ജെ.ഡി-79, കോൺഗ്രസ്-19, സി.പി.ഐ (എം.എൽ)-12, സി.പി.ഐ-2, സി.പി.എം-2, എ.ഐ.എം.ഐ.എം-1 എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ അംഗസംഖ്യ. ആകെ 116 സീറ്റാണ് ഇവർക്കുള്ളത്.

ഇന്നത്തെ യു ടേണിൽ പരി​ക്കേറ്റത് ബി.ജെ.പിക്ക്

ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ -ജെ.ഡി.യു സർക്കാറിന് കനത്ത പ്രഹരം നൽകിയാണ് ഇന്ന് സഖ്യം വിടാനുള്ള തീരുമാനം നിതീഷ് കുമാർ പ്രഖ്യാപിച്ചത്. ജെ.ഡി.യുവിനെ പിളർത്തി ബിഹാറിൽ തനിച്ച് ഭരണം പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർ.ജെ.ഡിയുടെ അടക്കം 161 അംഗങ്ങളുടെ വ്യക്തമായ പിന്തുണ ഉറപ്പാക്കിയാണ് നിതീഷ് തൂത്തെറിഞ്ഞത്. ഒരു വർഷവും 266 ദിവസവുമാണ് ഈ ഭരണം നീണ്ടുനിന്നത്.

243 അംഗ ബിഹാർ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്. ജെ.ഡി.യു ഉൾപ്പെടെയുള്ള എൻ.ഡി.എ സഖ്യത്തിന് 127ഉം ആർ.ജെ.ഡി വലിയ കക്ഷിയായ പ്രതിപക്ഷത്തിന് 116ഉം അംഗങ്ങളുമാണുള്ളത്. ഇതിൽ പ്രതിപക്ഷത്തിന്‍റെ 116 അംഗങ്ങളും ജെ.ഡി.യുവിന്‍റെ 45 അംഗങ്ങളും കൂടിച്ചേർന്നാൽ 161 പേരുടെ പിന്തുണ മഹാസഖ്യത്തിന് ലഭിക്കും.

Tags:    
News Summary - Nitish kumar: the king of U Turn; know the history of Bihar politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.