പട്ന: ബിഹാറിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെ എൻ.ഡി.എ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ഡോ. സഞ്ജയ് ജയ്സ്വാൾ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ നിതീഷ് കുമാർ തന്നെയാകും ബിഹാർ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയെന്നാണ് സൂചന. ഇതോടെ തുടർച്ചയായ നാലാംതവണ അധികാരത്തിലെത്തുന്നയാളാകും നിതീഷ് കുമാർ.
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എൻ.ഡി.എയുടെ നിർണായക യോഗം ഇന്നുചേരും. ഉച്ച 12.30 ഓടെയാണ് യോഗം ചേരുക. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യോഗത്തിൽ പങ്കെടുക്കും.
ജെ.ഡി.യും ബി.ജെ.പിയും നിയമസംഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ നേതാക്കളുമായി യോഗം ചേർന്നിരുന്നു.
ഇന്നത്തെ നിർണായക യോഗത്തിന് ശേഷം ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തങ്ങൾക്കാണെന്ന് അവകാശപ്പെട്ട് സർക്കാർ രൂപീകരിക്കാൻ അനുമതി തേടി ബി.െജ.പിയും ജെ.ഡിയും ഗവർണറെ കാണും. നിതീഷ് കുമാർ വെള്ളിയാഴ്ച ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു. നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
എൻ.ഡി.എയിൽ ജെ.ഡിയുവിെൻറ സീറ്റുവിഹിതം കുറഞ്ഞതോടെയാണ് രാഷ്ട്രീയ അനിശ്ചിതത്വത്തിന് തുടക്കമായത്. പ്രധാനവകുപ്പുകൾ വേണമെന്ന ആവശ്യവുമായി ഇരുകൂട്ടരും രംഗത്തെത്തുകയായിരുന്നു. ജെ.ഡി.യുവിന് തെരഞ്ഞെടുപ്പിൽ 43 സീറ്റുകളാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്തു. 125 സീറ്റുകളാണ് എൻ.ഡി.എ നേടിയത്. 243 അംഗ നിയമസഭയിൽ 122ആണ് കേവല ഭൂരിപക്ഷം നേടാൻ ആവശ്യം. 73സീറ്റുകൾ ബി.ജെ.പി നേടി.
എൻ.ഡി.എ ഘടക കക്ഷികളുടെ യോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചതായും തീരുമാനം കൃത്യസമയത്ത് എടുക്കുമെന്നും വെള്ളിയാഴ്ചത്തെ യോഗത്തിനുശേഷം നിതീഷ് കുമാർ അറിയിച്ചിരുന്നു. നവംബർ 10ന് തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം എൻ.ഡി.എ കക്ഷികൾ ആദ്യമായി ചേർന്ന യോഗമായിരുന്നു ഇത്. വെള്ളിയാഴ്ച നിതീഷ് കുമാറിെൻറ വസതിയിൽ ചേർന്ന യോഗത്തിനുശേഷം അറിയിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.