പട്ന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ 4000 സീറ്റില്‍ കൂടുതല്‍ നേടുമെന്ന് പറഞ്ഞ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ട്രോളി സമൂഹമാധ്യമങ്ങൾ. ബിഹാറിലെ നവാഡയില്‍ നടന്ന റാലിക്കിടെയാണ് നിതീഷിന് നാക്ക് പിഴവുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം സദസ്സിലിരിക്കെയാണ് സംഭവം. പ്രസംഗത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ നാല് ലക്ഷം സീറ്റ് എന്നാണ് ആദ്യം നിതീഷിന്‍റെ വായിൽ വന്നതെങ്കിലും പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തി, ബിജെപി 4000ത്തിലധികം സീറ്റുകൾ നേടുമെന്ന് പറയുന്നതും വിഡിയോയിൽ കേൾക്കാനാകും. ആർ.ജെ.ഡി വക്താവ് സരിക പസ്വാൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെയും അദ്ദേഹത്തിന്‍റെ ഭാര്യ റാബറി ദേവിയെയും നേരത്തെ നിതീഷി രൂക്ഷമായി വിമർശിച്ചിരുന്നു.
ബിഹാറിലെ മഹാസഖ്യം വിട്ട് മൂന്നു മാസം മുമ്പാണ് നിതീഷ് കുമാര്‍ എൻ.ഡി.എയുടെ ഭാഗമായത്. ‘പ്രധാനമന്ത്രിക്ക് നാലു ലക്ഷത്തിലേറെ എം.പിമാരെ കിട്ടുമെന്ന് ആശംസിക്കാനാണ് മുഖ്യമന്ത്രി ആഗ്രഹിച്ചത്. അത് കൂടിപ്പോകുമെന്ന് കരുതിയാകാം നാലായിരത്തിൽ ഒതുക്കിയത്’ -സരിക പസ്വാൻ എക്സിൽ കുറിച്ചു.
നിതീഷ് കുമാറിന് നാക്കുപിഴയുണ്ടാകുന്നത് ഇതാദ്യമല്ല. നേരത്തെ, മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന് സ്വയം വിശേഷിപ്പിച്ചതിന്‍റെ പേരിൽ വലിയ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
വേദിയിലിരിക്കുന്നതിനിടെ നിതീഷ് നരേന്ദ്ര മോദിയുടെ കാലിൽ തൊടുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാൽ തൊടുന്ന ചിത്രം കണ്ടപ്പോൾ തനിക്ക് നാണക്കേട് തോന്നിയതായി ആർ.ജെ.ഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രതികരിച്ചു. ’നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലിൽ തൊട്ട ചിത്രം കണ്ടു... ഞങ്ങൾക്ക് ലജ്ജ തോന്നി... എന്താണ് സംഭവിച്ചത്? നിതീഷ് കുമാറാണ് ഞങ്ങളുടെ രക്ഷാധികാരി... നിതീഷിനെ പോലെ അനുഭവപരിചയമുള്ള മറ്റൊരു മുഖ്യമന്ത്രിയില്ല, അദ്ദേഹം പ്രധാനമന്ത്രി മോദിയുടെ പാദങ്ങൾ തൊടുന്നു’ -തേജസ്വി എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.