ഗവർണറെ കണ്ട് നിതീഷും തേജസ്വിയും; പുതിയ സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും

പട്ന: ബിഹാറിൽ എൻ.ഡി.എ സഖ്യം അവസാനിപ്പിച്ച് സർക്കാർ രാജിവെച്ചതിനു പിന്നാലെ ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) നേതാവ് നിതീഷ് കുമാർ ഗവർണറെ കണ്ട് പുതിയ സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ചു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പമാണ് നിതീഷ് ചൊവ്വാഴ്ച വൈകീട്ട് ഗവർണർ ഫാഗു ചൗഹാനെ കാണാനെത്തിയത്.

എം.എൽ.എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് ഗവർണർക്ക് കൈമാറി. ജെ.ഡി.യു-ആർ.ജെ.ഡി-കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിതീഷ് കുമാർ തന്നെയാകും പുതിയ സർക്കാറിലും മുഖ്യമന്ത്രി. 160 എം.എൽ.എമാരുടെ പിന്തുണ പുതിയ സർക്കാറിനുണ്ടാകുമെന്നാണ് സൂചന.

ഏഴു പാർട്ടികളുടെയും ഒരു സ്വതന്ത്ര എം.എൽ.എയുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് നിതീഷ് കുമാർ പറഞ്ഞു. പിന്തുണ അറിയിക്കുന്ന കത്തിൽ എല്ലാവരും ഒപ്പുവെച്ചതായും ഗവർണറെ കണ്ട് പുറത്തിറങ്ങിയശേഷം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ സർക്കാറിൽ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായേക്കും. കൂടാതെ, കോൺഗ്രസിന് സ്പീക്കർ സ്ഥാനവും നൽകും.

ആർ.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കത്ത് തേജസ്വി നേരത്തെ നിതീഷ് കുമാറിന് കൈമാറിയിരുന്നു. രണ്ട് വർഷമായി തുടരുന്ന ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിനാണ് നിതീഷിന്‍റെ രാജി‍യോടെ അന്ത്യം കുറിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ ബി.ജെ.പിക്ക് ബിഹാറിനെ സഖ്യം തകർന്നത് വലിയ തിരിച്ചടിയായി.

243 അംഗ ബിഹാര്‍ നിയമസഭയില്‍ നിലവില്‍ 79 എം.എല്‍.എമാരുമായി ആര്‍.ജെ.ഡിയാണ് വലിയ ഒറ്റക്കക്ഷി. ബി.ജെ.പിക്ക് 77ഉം ജെ.ഡി.യുവിന് 45ഉം എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. സി.പി.ഐ എം.എല്ലിന് 12ഉം സി.പി.ഐക്കും സി.പി.എമ്മിനും രണ്ട് വീതവും എം.എൽ.എമാരുണ്ട്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

അതേസമയം, രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ബി.ജെ.പി നേതൃത്വം അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

Tags:    
News Summary - Nitish, Tejashwi in Raj Bhawan to stake claim to form govt in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.