ന്യൂഡൽഹി: പുതിയ സെൻസസ് പ്രവർത്തനങ്ങൾ വീണ്ടും നീട്ടിവെച്ചു. സർക്കാറിന്‍റെ അതിർത്തിനിർണയ സമയപരിധി പ്രകാരം ചുരുങ്ങിയത് ഒമ്പതു മാസത്തേക്ക് ജനസംഖ്യ കണക്കെടുപ്പ് നടക്കില്ല. തുടർന്ന് ലോക്സഭ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതിനാൽ, 2024-25ൽ മാത്രമാണ് കണക്കെടുപ്പിന് സാധ്യത.

10 വർഷത്തിലൊരിക്കൽ നടക്കേണ്ട സെൻസസ് ഫലത്തിൽ നാലു വർഷമെങ്കിലും നീളുന്ന സ്ഥിതിയാണിപ്പോൾ. സെൻസസിനു മുന്നോടിയായി വീടുകളുടെ കണക്കെടുപ്പ്, ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കൽ എന്നീ പ്രവർത്തനങ്ങൾ 2020 ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നടത്താൻ നിശ്ചയിച്ചതാണ്. കോവിഡും ലോക്ഡൗണും മൂലം തീയതികൾ പലവട്ടം മാറ്റി.

കഴിഞ്ഞ സെൻസസിന് അനുസൃതമായി എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന വിധം യൂനിറ്റ് അടിസ്ഥാനത്തിൽ ജില്ല, ഉപജില്ല, താലൂക്ക്, പൊലീസ് സ്റ്റേഷൻ തുടങ്ങി ഭരണപരമായ അതിർത്തികൾ കൃത്യമായി നിജപ്പെടുത്തി മൂന്നു മാസത്തിനുശേഷം മാത്രം പുതിയ സെൻസസ് നടത്തണമെന്നാണ് ചട്ടം. ഇതിന്‍റെ സമയപരിധി പലവട്ടം നീട്ടിയതിനൊടുവിൽ ഇപ്പോൾ നിശ്ചയിച്ച തീയതി 2023 ജൂലൈ ഒന്നാണ്.

ജൂൺ 30ന് മുമ്പായി ഇതുസംബന്ധിച്ച വിജ്ഞാപനം സെൻസസ് ഡയറക്ടറേറ്റിന് എല്ലാ സംസ്ഥാനങ്ങളും കൈമാറണം. അതിനു ശേഷം മൂന്നു മാസം കഴിയണമെന്ന വ്യവസ്ഥപ്രകാരം സെപ്റ്റംബർ 30 വരെ സെൻസസ് തുടങ്ങാൻ കഴിയില്ല.അതു കഴിഞ്ഞാൽ പൊതുതെരഞ്ഞെടുപ്പിന്‍റെ തിരക്കുകളായി. സെൻസസിന്‍റെ പുതിയ സമയക്രമം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടില്ല. 

Tags:    
News Summary - no census in this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.