മുംബൈ: ആഡംബരക്കപ്പലിലുണ്ടായിരുന്ന ആര്യൻ ഖാനിൽ നിന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ മയക്കുമരുന്ന് പിടികൂടിയിട്ടില്ലെന്ന് കേസിലെ സാക്ഷിയായ കെ.പി. ഗോസാവി തന്നോട് പറഞ്ഞിരുന്നതായി സാം ഡിസൂസ. നാർകോട്ടിക്സ് ബ്യൂറോ ഉദ്യോഗസ്ഥർ ഗോസാവിയെയും കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകർ സെയിലിനെയും പോലെ അഴിമതിക്കാരല്ലെന്നും ഡിസൂസ അവകാശപ്പെട്ടു.
ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്‍റെ ഭാഗമായാണ് സാം ഡിസൂസയുടെ പേരും വിവാദത്തിലാവുന്നത്.
കെ.പി. ഗോസാവിയും സാം ഡിസൂസയും തമ്മിൽ 18 കോടിയുടെ 'ഡീല്‍' ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലം നൽകിയിരുന്നത്. എട്ട് കോടി എന്‍.സി.ബി സോണൽ ഡയറക്ടർ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചിരുന്നു. ഈ ആരോപണം സാം ഡിസൂസ നിഷേധിച്ചു.
ഗോസാവിയും പ്രഭാകർ സെയിലും എൻ.സി.ബി സോണൽ ഓഫിസർ സമീർ വാങ്കഡെയുടെ പേരിൽ തങ്ങളുടെ നമ്പർ ഫോണിൽ സേവ് ചെയ്ത് പരസ്പരം വിളിക്കുകയായിരുന്നുവെന്ന് ഡിസൂസ പറയുന്നു. വാങ്കഡെ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇതെന്നും ഇയാൾ പറഞ്ഞു.
ഒക്ടോബർ മൂന്നിനാണ് ആര്യൻ ഖാനാണ് അറസ്റ്റിലായതെന്ന വിവരം താൻ അറിഞ്ഞത്. സാക്ഷിയായി സ്ഥലത്തുണ്ടായിരുന്ന ഗോസാവിയോട് ആര്യൻ തന്‍റെ മാനേജരായ പൂജ ദദ്ലാനിയെ വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഗോസാവിയാണ് ആര്യന്‍റെ സന്ദേശം കൈമാറിയത്. ആര്യൻ ഖാൻ നിരപരാധിയാണെന്നും മയക്കുമരുന്ന് പിടികൂടിയിട്ടില്ലെന്നും ഗോസാവി ആ സമയം തന്നെ തന്നോട് പറഞ്ഞിരുന്നു. ആര്യൻ ഖാനെ നമുക്ക് സഹായിക്കാമെന്നും ഗോസാവി പറഞ്ഞു -ഡിസൂസ വ്യക്തമാക്കി.
ഗോസാവിയും താനും മാനേജർ പൂജ ദദ്ലാനിയും അവരുടെ ഭർത്താവും ചിക്കി പാണ്ഡെ എന്നൊരാളും ലോവർ പാറേലിൽ വെച്ച് കണ്ടിരുന്നു. സുനിൽ പാട്ടീൽ എന്നയാൾ വഴി 50 ലക്ഷം രൂപ ഗോസാവിക്ക് ലഭിച്ചതായാണ് താൻ അറിഞ്ഞതെന്നും ഇയാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.