അലീഗഢ്: ലോക്ഡൗണില്‍ ജോലി ഇല്ലാതായതോടെ ദിവസങ്ങളായി പട്ടിണിയിലായ കുടുംബത്തെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡില്‍ ഭര്‍ത്താവ് മരിക്കുകയും ലോക്ഡൗണില്‍ ജോലി നഷ്ടപ്പെടുകയും ചെയ്ത യുവതിക്കും അഞ്ച് മക്കള്‍ക്കുമാണ് ഉത്തര്‍ പ്രദേശില്‍ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നത്.
അലീഗഢിലെ മല്‍ഖാന്‍ സിങ് ജില്ലാ ആശുപത്രിയിലാണ് കുടുംബത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ നില്‍ക്കാനോ സംസാരിക്കാനോ കഴിയാത്ത വിധം അവശനിലയിലായിരുന്നു കുടുംബമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതോടെ താന്‍ സമീപത്തെ ഫാക്ടറിയില്‍ ജോലിക്ക് പോയിരുന്നെന്നും എന്നാല്‍ ലോക്ഡൗണില്‍ ഫാക്ടറി പൂട്ടിയെന്നും 40കാരിയായ വീട്ടമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്ന് 20കാരനായ മൂത്തമകന്‍ കെട്ടിട നിര്‍മാണ ജോലിക്ക് പോയിത്തുടങ്ങി. എന്നാല്‍, ലോക്ഡൗണില്‍ ഈ ജോലിയും നഷ്ടപ്പെട്ടു. അയല്‍ക്കാര്‍ നല്‍കിയ ചപ്പാത്തി മാത്രം കഴിച്ചാണ് എട്ട് ആഴ്ച കഴിച്ചുകൂട്ടിയത്. എന്നാല്‍, 10 ദിവസങ്ങള്‍ക്ക് മുമ്പ് അതും കിട്ടാതായെന്നും കുടുംബം വിശദീകരിക്കുന്നു.
വാര്‍ത്ത പുറത്തുവന്നയുടന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഒരു സംഘത്തെ ആശുപത്രിയിലേക്ക് അയക്കുകയും സഹായം വാഗ്ദാനം നല്‍കുകയും ചെയ്തു. സംഭവം അന്വേഷിക്കുകയാണെന്നും ഉടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.