മോദി സർക്കാരല്ല; അധികാരമേൽക്കുന്നത് എൻ.ഡി.എ സർക്കാർ - മനോജ് ഝാ

ന്യൂഡൽഹി: 2024ൽ സത്യപ്രതിജ്ഞ ചെയ്യുന്നത് മോദി സർക്കാരല്ല മറിച്ച് എൻ.ഡി.എ സർക്കാരാണെന്ന് ആർ.ജെ.ഡി നേതാവ് മനോജ് ഝാ. തൊഴിൽ നൽകുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

" ഏറെ കാലത്തിന് ശേഷം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നു, മോദി സർക്കാരല്ല. ഇത്തവണ ധ്രുവീകരണത്തിൽ കുറവുണ്ടാകുമെന്നും, സമൂഹത്തിലെ ദുർബല വിഭാ​ഗത്തിൻ്റെ ജീവിതം മെച്ചപ്പെടുമെന്നും, ചങ്ങാത്ത മുതലാളിത്തത്തിൽ നിന്ന് സർക്കാർ സ്വതന്ത്രമാകുമെന്നും പ്രതീക്ഷിക്കുന്നു. ഇന്നത്തെ യുവാക്കളുടെ ആവശ്യം തൊഴിലാണ്. തൊഴിലാണ് പ്രധാന വിഷയവും. അതിനാൽ സർക്കാർ വിഷയത്തിൽ ഇടപെടണം," ഝാ കൂട്ടിച്ചേർത്തു.

ബി.ജെ.പി സ്വീകരിച്ച തെരഞ്ഞെടുപ്പ് പ്രചരണത്തെയും ഝാ വിമർശിച്ചു. കഴിഞ്ഞ പത്തു വർഷത്തിനിടെ ഇതാദ്യമായാണ് എൻ.ഡി.എ സഖ്യത്തെ കുറിച്ച് കേൾക്കുന്നത്. മുൻപ് മോദി, മോദി, മോദി മാത്രമാണുണ്ടായിരുന്നത്. മോദിയുടെ മട്ടൻ, മുജ്‌റ, മംഗൾസൂത്രയൊന്നും ഇനിയും ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞൈടുപ്പ് സമയത്ത് നമ്മൾ കേട്ട 'മട്ടൻ, മുജ്‌റ, മംഗൾസൂത്ര' പരാമർശമൊന്നും ഇനിയും ആവർത്തിക്കില്ലെന്ന് തനിക്ക് ഉറപ്പുനൽകാനാകുമെന്നും മനോജ് ഝാ പറഞ്ഞു.

അതേസമയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയും മന്ത്രിമാരും സത്യവാചകം ചെല്ലിയത്. 72 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. ഇതിൽ 30 പേർക്ക് കാബിനറ്റ് പദവിയും 6 പേർക്ക് സ്വതന്ത്ര ചുമതലയും 36 പേർക്ക്‌ സഹമന്ത്രി സ്ഥാനവും ലഭിക്കും. മോദിക്ക് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ ഖട്ടർ എന്നിവർ ഒന്ന് മുതൽ എട്ട് വരെ യഥാക്രമം സത്യവാചകം ചൊല്ലി. കേരളത്തിൽ നിന്നും തൃശൂരിലെ നിയുക്ത എം.പി സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും.

Tags:    
News Summary - No longer Modi govt; NDA govt takes oath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.