ചണ്ഡിഗഢ്: തോക്ക് ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി പഞ്ചാബ് സർക്കാർ. പൊതുയിടങ്ങളിലും സമൂഹ മാധ്യമങ്ങളിലും തോക്ക് പ്രദർശിപ്പിക്കുന്നതും തോക്ക് ഉപയോഗത്തെയും ആയുധം പ്രയോഗിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങളും നിരോധിച്ചു. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ പ്രതിപക്ഷത്തിൽനിന്ന് ശക്തമായ വിമർശനം നേരിടുന്നതിനിടെയാണ് സർക്കാർ നടപടി.
സംസ്ഥാനത്തെ എല്ലാ തോക്ക് ലൈസൻസുകളും മൂന്നു മാസത്തിനകം പുനഃപരിശോധിക്കണമെന്നും ഇക്കാലയളവിൽ പുതിയ ലൈസൻസ് അനുവദിക്കരുതെന്നും സർക്കാർ ഉത്തരവിട്ടു. വ്യാപക പരിശോധനകൾ നടത്താനും സർക്കാർ നിർദേശമുണ്ട്.
പൊതുയോഗങ്ങൾ, ആരാധനാലയങ്ങൾ, വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ എന്നിവയിൽ തോക്ക് കൊണ്ടുവരുന്നതും പ്രദർശിപ്പിക്കുന്നതും പൂർണമായും നിരോധിച്ചു. വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ കേസ് എടുക്കാനും നിർദേശമുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാനം തകർന്നതിൽ എ.എ.പിയുടെ ഭഗ് വന്ത് സിങ് മാൻ നേതൃത്വം നൽകുന്ന സർക്കാറിനെതിരെ കോൺഗ്രസ്, ശിരോമണി അകാലിദൾ, ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്ത് ഈ മാസം നാലിന് ശിവസേന നേതാവ് സുധീർ സൂരിയും 10ന് ദേര സച്ചാ സൗധ നേതാവ് പ്രതീപ് സിങ്ങും കൊല്ലപ്പെട്ടിരുന്നു. ഇരുവരും പൊലീസ് സംരക്ഷണം അനുവദിക്കപ്പെട്ടവരായിരുന്നു.
അതിന് മുമ്പ് ഝലന്ധറിൽ കബഡി താരം സന്ദീപ് നൻഗൽ അംബ്യനും ഗായകൻ സിധു മൂസെവാലയും കൊലപ്പെട്ടത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പൊലീസിൽ വൻ അഴിച്ചുപണി നടത്തിയതിനു പിന്നാലെയാണ് തോക്കിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.