ബംഗളൂരു: ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ബി.ജെ.പിക്കെതിരായ ആരോപണത്തിന്റെ പേരിലല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ ചാനൽ പരിപാടിക്കിടെയാണ് അമിത് ഷായുടെ അഭിപ്രായപ്രകടനം. രണ്ടാം തവണയോ മൂന്നാം തവണയോ ആണ് സത്യപാൽ മലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളോ തെളിവുകളോ ലഭിക്കാത്തതിനാലാവും അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ബി.ജെ.പിക്കെതിരെ സംസാരിച്ചതിനാണ് അദ്ദേഹത്തെ വിളിപ്പിച്ചതെന്ന് പറയാൻ ഒരു തെളിവുമില്ല -അമിത് ഷാ പറഞ്ഞു.
പുൽവാമ ആക്രമണത്തെക്കുറിച്ച് സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് പ്രതികരിച്ച അമിത് ഷാ, അത് സത്യമായിരുന്നെങ്കിൽ അധികാരത്തിലിരുന്നപ്പോൾ എന്താണ് അദ്ദേഹം സംസാരിക്കാതിരുന്നതെന്ന് ചോദിച്ചു. മറച്ചുവെക്കേണ്ട ഒന്നും ബി.ജെ.പി സർക്കാർ ചെയ്തിട്ടില്ല. ബി.ജെ.പി വിട്ടശേഷം രാഷ്ട്രീയ- വ്യക്തിതാൽപര്യങ്ങൾക്കുവേണ്ടി ചിലർ ആരോപണമുന്നയിക്കുമ്പോൾ അത് ജനങ്ങളും മാധ്യമങ്ങളും കാണുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
റിലയൻസ് ജനറൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സത്യപാൽ മലിക്കിനോട് സാക്ഷിയായി ഹാജരാവാൻ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. സത്യപാൽ മലിക് ജമ്മു- കശ്മീർ ഗവർണറായിരിക്കെ, സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പാക്കിയ ഇൻഷുറൻസ് പദ്ധതിയിൽ അഴിമതി നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.