ന്യൂഡല്‍ഹി: പുതിയ 2,000 രൂപ നോട്ടില്‍ കള്ളനോട്ട് നിയന്ത്രിക്കാന്‍ പാകത്തില്‍ കൂടുതല്‍ സുരക്ഷാ സവിശേഷതകളുണ്ടെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു. പഴയ 500, 1000 രൂപ നോട്ടുകളില്‍ ഉപയോഗിച്ച മുന്‍കരുതല്‍ മാത്രമാണ് പുതിയ നോട്ടിലുമുള്ളതെന്നാണ് വെളിപ്പെടുത്തല്‍. ആറു മാസം മുമ്പു മാത്രമാണ് പുതിയ നോട്ട് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും സുരക്ഷാ ക്രമീകരണം മാറ്റാനുള്ള സമയം ഉണ്ടായിരുന്നില്ളെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ടു ചെയ്തു.
സുരക്ഷാ ക്രമീകരണം മാറ്റാന്‍ ആറു വര്‍ഷം വരെ എടുക്കും. അത്തരത്തില്‍ മാനദണ്ഡങ്ങള്‍ ഏറ്റവുമൊടുവില്‍ മാറ്റിയത് 2005ലാണ്. വാട്ടര്‍മാര്‍ക്ക്, സെക്യൂരിറ്റി ത്രഡ് ഫൈബര്‍, മറഞ്ഞുകിടക്കുന്ന പ്രതിച്ഛായകള്‍ എന്നിവയാണ് അന്ന് കൊണ്ടുവന്ന ക്രമീകരണങ്ങള്‍. ഇത്തരത്തില്‍ മാറ്റം കൊണ്ടുവരാന്‍ വിശദമായ വിലയിരുത്തല്‍ വേണം. ഒടുവില്‍ മന്ത്രിസഭ തീരുമാനിക്കുകയും വേണം. പുതിയ കറന്‍സിയുടെ വ്യാജന്‍ ഉണ്ടാക്കാന്‍ കഴിയില്ളെന്ന സര്‍ക്കാര്‍ വാദത്തെയും ഉദ്യോഗസ്ഥന്‍ തള്ളിക്കളഞ്ഞു.
ഇപ്പോള്‍ പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ പൂര്‍ണമായും ഇന്ത്യയില്‍തന്നെയാണ് നിര്‍മിച്ചത്. മൈസൂരുവിലെ ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ കമ്പനിക്കായിരുന്നു ചുമതല. ജര്‍മനിയിലെ ലൂസിയാന്‍റല്‍, ബ്രിട്ടനിലെ ഡാലാ റ്യൂ, സ്വീഡനിലെ ക്രെയിന്‍, ഫ്രാന്‍സിലെ അര്‍ജോ വിഗിന്‍സ് തുടങ്ങിയ യൂറോപ്യന്‍ കമ്പനികളില്‍നിന്നാണ് കറന്‍സി അച്ചടിക്കാന്‍ കടലാസ് ഇറക്കുമതി ചെയ്യുന്നത്. ഇപ്പോള്‍ 70 ശതമാനം കറന്‍സികളും ഇന്ത്യയിലാണ് നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.