റായ്പൂർ: ബ്രാഹ്മണരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത പരാമർശങ്ങളെ തുടർന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ്സിങ് ബാഘേലിന്‍റെ പിതാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഉത്തർപ്രദേശിൽ വെച്ചാണ് ഭൂപേഷ് ബാഘേലിന്‍റെ പിതാവ് നന്ദകുമാർ ബാഘേൽ വിവാദ പരാമർശം നടത്തിയത്.
'നിങ്ങളുടെ ഗ്രാമങ്ങളിൽ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും ഞാൻ അഭ്യർഥിക്കുന്നു. മറ്റെല്ലാ സമുദായങ്ങളോടും ഞാൻ സംസാരിക്കും, അങ്ങനെ അവരെ ബഹിഷ്കരിക്കാനാവും. അവർ തിരികെ വോൾഗ നദിയുടെ തീരത്തേക്ക് അയക്കണം'-നന്ദകുമാർ ബാഘേൽ പറഞ്ഞു.
സർവ ബ്രാഹ്മിൺ സമാജിന്‍റെ പരാതിയെ തുടർന്നാണ് ഡി.ഡി നഗർ പൊലീസ് ശനിയാഴ്ച നന്ദകുമാർ ബാഘേലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നിയമമാണ് മുഖ്യമെന്നും തന്‍റെ സർക്കാർ എല്ലാ വിഭാഗക്കാർക്കുമായാണ് നിലകൊള്ളുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'ആരും നിയമത്തിന് അതീതരല്ല, ആ വ്യക്തി എന്‍റെ 86 വയസായ അച്ഛനാണെങ്കിൽ പോലും. ഛത്തിസ്ഗഢ് സർക്കാർ എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും സമുദായങ്ങളെയും അവരുടെ വികാരങ്ങളെയും മാനിക്കുന്നു. ഒരു സമുദായത്തിനെതിരായ എന്‍റെ പിതാവ് നന്ദകുമാർ ബാഘേലിന്‍റെ പരാമർശം സാമുദായിക സമാധാനം തകർത്തു. അദ്ദേഹത്തിന്‍റെ പ്രസ്താവനയിൽ എനിക്കും സങ്കടമുണ്ട്' -ഭൂപേഷ് ബാഘേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.