സ്ത്രീകൾക്കെതിരായ അപകീർത്തികരമായ ഭാഷക്ക് കോടതിയിൽ സ്ഥാനമില്ല -ഡി.വൈ.ചന്ദ്രചൂഢ്

പനാജി: സ്ത്രീകൾക്കെതിരായ മോശം ഭാഷക്ക് കോടതികളിൽ സ്ഥാനമില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. സംവേദനക്ഷമതയില്ലാത്ത വാക്കുകൾ സ്റ്റീരിയോടൈപ്പുകൾ സൃഷ്ടിക്കുകയും അത് സ്ത്രീകളേയും കുട്ടികളേയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരേയും ബാധിക്കുകയും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

വനിത ജുഡീഷ്യൽ ഓഫീസർമാർ അപകീർത്തികരമായ ഭാഷ ഉപയോഗിക്കുന്നത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നോർത്ത് ഗോവ ഡിസ്ട്രിക് കോർട്ട് കോംപ്ലെക്സിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ചന്ദ്രചൂഢ്. നീതിയിലേക്കുള്ള പാതയിലുള്ള എല്ലാ തടസ്സങ്ങളും നീക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

നമ്മുടെ കോടതിമുറികളിൽ നമ്മൾ ഉപയോഗിക്കുന്ന ഭാഷ നമ്മുടെ ധാർമ്മികതയെ പ്രതിഫലിപ്പിക്കണം. വാക്കുകളുടെ തിരഞ്ഞെടുപ്പിൽ നാം ജാഗ്രത പുലർത്തണം. നമ്മുടെ ഭാഷ കൃത്യമാവണമെന്ന് മാത്രമല്ല, മാന്യവുമായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുപ്രീംകോടതി ജെൻഡറുമായി ബന്ധപ്പെട്ട് ഒരു ഹാൻഡ്ബുക്ക് നൽകിയിട്ടുണ്ട്. ഇത് ജെൻഡർ സ്റ്റീരിയോടൈപ്പുകൾ മനസിലാക്കാൻ സഹായിക്കുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭാഷയു​ടെ അതിരുകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Tags:    
News Summary - No place for derogatory language against women in court: CJI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.