റെയിൽവേ സ്വകാര്യ വത്കരിക്കാൻ പദ്ധതിയില്ല: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ സ്വകാര്യവത്കരിക്കാൻ സർക്കാറിന് പദ്ധതിയില്ലെന്നും ഈ കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വാദം സാങ്കൽപ്പികമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2022-23 വർഷത്തേക്ക് റെയിൽവേ മന്ത്രാലയത്തിന്‍റെ ഗ്രാന്റുകൾക്കായുള്ള ആവശ്യങ്ങളെക്കുറിച്ച് നടന്ന ചർച്ചക്ക് ലോക്‌സഭയിൽ മറുപടി പറയുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിയമനവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ തെറ്റിദ്ധാരണ റെയിൽവേ തിരുത്തിയതായും മന്ത്രി അറിയിച്ചു.

നിയമന നിരോധനമില്ലെന്നും 1.14 ലക്ഷം തസ്തികകളിലേക്കുള്ള നിയമനം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾക്ക് ശേഷം ഗ്രാന്റുകൾ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.

ഇന്ത്യൻ റെയിൽവേയെ സ്വകാര്യ വത്കരിക്കാൻ ശ്രമിക്കുന്നതായി ലോക്സഭയിൽ എം.പിമാർ ആരോപിച്ചു. ആരോപണം സാങ്കൽപ്പികമാണെന്നും, ഇന്ത്യൻ റെയിൽവേയുടെ ട്രാക്കുകളും കോച്ചുകളും സ്റ്റേഷനുകളും സർക്കാറിന്‍റെ പരിധിയിൽ തന്നെയാണ് വരികയെന്നും സ്വകാര്യവത്കരണത്തിന്‍റെ ചർച്ചകൾ ആവശ്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.

റെയിൽവേ സാമൂഹിക ബാധ്യതകൾ നിറവേറ്റുന്നത് തുടരുമെന്നും യാത്രാക്കൂലിയിൽ 60,000 കോടി രൂപ സബ്‌സിഡി നൽകുമെന്നും മന്ത്രി പറഞ്ഞു. ഗുജറാത്ത് സെഗ്‌മെന്റിൽ 99.7 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. 750 തൂണുകളുടെ നിർമാണവും പൂർത്തിയായി. മുംബൈക്കും അഹമ്മദാബാദിനും ഇടയിലുള്ള ബുള്ളറ്റ് ട്രെയിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രവൃത്തികൾ പ്രതിമാസം എട്ടു കിലോമീറ്റർ എന്ന നിരക്കിലാണ് പുരോഗമിക്കുന്നത്. ഇത് പ്രതിമാസം 10 കിലോമീറ്ററായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ സഹകരണം ലഭിക്കാത്തതിനാൽ പശ്ചിമ ബംഗാളിൽ 18 റെയിൽവേ പദ്ധതികൾ തീർപ്പാക്കാതെ കിടക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 200 കിലോമീറ്ററായി ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഇത്തരം 400 ട്രെയിനുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എം.ഇ.കളും കൃഷിയും ഉൾപ്പെടെ എല്ലാ മേഖലകൾക്കും ലോജിസ്റ്റിക്കൽ ചെലവ് മെച്ചപ്പെടുത്തുന്ന ചരക്ക് ട്രെയിനുകളുടെ ലഭ്യത വർധിപ്പിക്കാൻ റെയിൽവേ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.

യു.പി.എ ഭരണകാലത്ത് റെയിൽവേ മന്ത്രാലയം പക്ഷാഘാതത്തിലായിരുന്നെന്നും നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷം വീണ്ടും ട്രാക്കിലായെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - No plans to privatize railways: Ashwini Vaishnav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.