ബ്രിട്ടീഷ്-ഈജിപ്ഷ്യൻ എഴുത്തുകാരൻ അലാ അബ്ദുൽ ഫത്താഹി​ന്‍റെ ഛായാചിത്രവുമായി പെൻ പിന്‍റർ പ്രൈസ് ചടങ്ങിൽ അരുന്ധതി റോയ്


ഭൂമിയിലെ ഒരു പ്രചരണത്തിനും ഫലസ്തീനി​ന്‍റെ മുറിവ് മറച്ചുവെക്കാനാവില്ല; പെൻ പിന്‍റർ പുരസ്കാരം സ്വീകരിച്ച് അരുന്ധതി റോയി

ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി 2024ലെ പെൻ പിന്‍റർ പുരസ്കാരം ഏറ്റുവാങ്ങി. സമ്മാനത്തുകയുടെ വിഹിതം പലസ്തീൻ കുട്ടികളുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അരുന്ധതി വേദിയിൽ പ്രഖ്യാപിച്ചു. ഭൂമിയിലെ ഒരു പ്രചരണത്തിനും ഫലസ്തീനി​ന്‍റെ മുറിവ് മറച്ചുവെക്കാനാവില്ലെന്ന് അവർ പറഞ്ഞു.

ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് അരുന്ധതി റോയിയെ പുരസ്‌കാരം നല്‍കി ആദരിച്ചത്. ബ്രിട്ടീഷ്-ഈജിപ്ഷ്യൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അലാ അബ്ദുൽ-ഫത്താഹുമായാണ് അരുന്ധതി ‘റൈറ്റര്‍ ഓഫ് കറേജ് 2024’ പുരസ്കാരം പങ്കിട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ സര്‍ക്കാറി​ന്‍റെ നിലപാടുകളില്‍ ശബ്ദമുയര്‍ത്തിയതിന് അഞ്ച് വര്‍ഷത്തിലേറെ 42കാരനായ ഫത്താഹ് ഈജിപ്തില്‍ തടങ്കലില്‍ കഴിഞ്ഞിരുന്നു. വീണ്ടും ജയിലിൽ അടക്കപ്പെട്ട അദ്ദേഹത്തി​ന്‍റെ ശിക്ഷാ കാലാവധി ഈ സെപ്റ്റംബറിൽ തീർന്നിട്ടും ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഈജിപ്ഷ്യന്‍ വാര്‍ത്താ വെബ്സൈറ്റായ മദാ മാസ്‌റി​ന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് ലിന അത്താലയാണ് ഫത്താഹിനെ പ്രതിനിധീകരിച്ച് പുരസ്‌കാരം കൈപ്പറ്റിയത്.

നാടകകൃത്ത് ഹരോൾഡ് പിന്‍ററി​ന്‍റെ സ്മരണക്കായി ഇംഗ്ലീഷ് PEN ഏർപ്പെടുത്തിയതാണിത്. തന്നെ ആദരിച്ചതിന് പെൻ പിന്‍ററിന് നന്ദി പറഞ്ഞ അരുന്ധതി  അവാർഡ് പങ്കിടുന്ന  ധീരനായ എഴുത്തുകാര​ന്‍റെ പേര് പരാമർശിച്ചുകൊണ്ടാണ് വേദിയിൽ സംസാരിച്ചു തുടങ്ങിയത്. ‘ധീരതയുടെ എഴുത്തുകാരനും എ​ന്‍റെ സഹ അവാർഡ് ജേതാവുമായ അലാ അബ്ദുൽ ഫത്താഹ്, താങ്കൾക്ക് എ​ന്‍റെ ആശംസകൾ. സെപ്റ്റംബറിൽ നിങ്ങളെ മോചിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ നിങ്ങൾ വളരെ സുന്ദരനായ എഴുത്തുകാരനും അപകടകാരിയായ ചിന്തകനുമാണെന്ന് ഈജിപ്ഷ്യൻ സർക്കാർ തീരുമാനിച്ചു. നിങ്ങൾ ഞങ്ങളോടൊപ്പം ഈ മുറിയിൽ ഉണ്ട്. നിങ്ങളാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്ന്’ അരുന്ധതി പറഞ്ഞു.

ഇന്ത്യയിലെ ജയിലിൽ കഴിയുന്ന എ​ന്‍റെ സുഹൃത്തുക്കളെയും സഖാക്കളെയും കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന് തുടർന്ന അവർ അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർഥികൾ, പത്രപ്രവർത്തകർ തുടങ്ങിയവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തടവിലുള്ള  ഉമർ ഖാലിദ്, ഗൾഫിഷ ഫാത്തിമ, ഖാലിദ് സൈഫി, ഷർജീൽ ഇമാം, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റൗട്ട്, ഖുറം പർവൈസ് തുടങ്ങിയവരെയെല്ലാം പരാമർശിച്ചു.

‘1980കളുടെ അവസാനത്തിൽ ലണ്ടനിലെ യു.എസ് എംബസിയിൽ നടന്ന ഒരു മീറ്റിംഗിൽ ഞാൻ പങ്കെടുത്തിരുന്നു. നിക്കരാഗ്വക്കെതിരായ പ്രചാരണത്തിൽ കോൺട്രാ ഫോഴ്സിന് കൂടുതൽ പണം നൽകണമോ എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഞാൻ നിക്കരാഗ്വയെ പ്രതിനിധീകരിച്ച് സംസാരിക്കുന്ന ഒരു പ്രതിനിധി സംഘത്തിലെ അംഗമായിരുന്നു. ഈ പ്രതിനിധി സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗം ഒരു ഫാദർ ജോൺ മെറ്റ്കാൾഫ് ആയിരുന്നു. റെയ്മണ്ട് സീറ്റ്സ് ആയിരുന്നു യു.എസ് ബോഡിയുടെ നേതാവ്.

അവിടെ ഫാദർ മെറ്റ്കാൾഫ് പറഞ്ഞു: ‘സർ, ഞാൻ നിക്കരാഗ്വയുടെ വടക്കുള്ള ഒരു ഇടവകയുടെ ചുമതലക്കാരനാണ്. എ​ന്‍റെ ഇടവകക്കാർ ഒരു സ്കൂൾ, ആരോഗ്യ കേന്ദ്രം, സാംസ്കാരിക കേന്ദ്രം എന്നിവ നിർമിച്ചു. ഞങ്ങൾ സമാധാനത്തോടെ ജീവിച്ചുവരികയായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു കോൺട്രാ ഫോഴ്‌സ് ഇടവക ആക്രമിച്ചു. സ്‌കൂളും ആരോഗ്യകേന്ദ്രവും സാംസ്‌കാരിക കേന്ദ്രവും എന്നിങ്ങനെ എല്ലാം നശിപ്പിച്ചു. നഴ്സുമാരെയും അധ്യാപികമാരെയും ബലാത്സംഗം ചെയ്തു. ഡോക്ടർമാരെ ഏറ്റവും ക്രൂരമായി കൊന്നു. കാട്ടാളന്മാരെപ്പോലെയാണ് അവർ പെരുമാറിയത്. ഈ ഞെട്ടിക്കുന്ന ഭീകരപ്രവർത്തനത്തിൽ നിന്നുള്ള പിന്തുണ യു.എസ് സർക്കാർ പിൻവലിക്കണമെന്ന് ദയവായി ആവശ്യപ്പെടുന്നുവെന്നും ഫാദർ അന്ന് അഭ്യർഥിച്ചു.

ഒരു വർഷത്തിലേറെയായി തുടരുന്ന മറ്റൊരു വംശഹത്യയിലേക്കാണ് നമ്മൾ എത്തിയിരിക്കുന്നത്. കൊളോണിയൽ അധിനിവേശത്തിനും വർണ്ണവിവേചന രാഷ്ട്രത്തിനും വേണ്ടി ഗസ്സയിലും ലെബനാനിലും യു.എസും ഇസ്രയേലും നിർബാധം തുടരുന്നതും വംശഹത്യയാണ്. ഇതുവരെയുള്ള മരണസംഖ്യ ഔദ്യോഗികമായി 42,000 ആണ്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിലവിളിച്ചുകൊണ്ട് മരിച്ചവർ, ഇതുവരെ മൃതദേഹങ്ങൾ കണ്ടെടുക്കാത്തവർ എന്നിവരൊന്നും ഇതിൽ ഉൾപ്പെടുന്നില്ല. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ മറ്റേതൊരു യുദ്ധത്തിനും തുല്യമായ കാലഘട്ടത്തേക്കാൾ കൂടുതൽ കുട്ടികളെ ഇസ്രായേൽ ഗസ്സയിൽ കൊന്നതായി ഓക്സ്ഫാം അടുത്തിടെ നടത്തിയ പഠനം പറയുന്നു.

ദശലക്ഷക്കണക്കിന് യൂറോപ്യൻ ജൂതന്മാരുടെ നാസി ഉന്മൂലനം നടന്നു. ഒരു വംശഹത്യയോടുള്ള അവരുടെ ആദ്യവർഷങ്ങളിലെ നിസ്സംഗതയും അവരുടെ കൂട്ടായ കുറ്റബോധവും തീർക്കാൻ അമേരിക്കയും യൂറോപ്പും മറ്റൊന്നിന് കളമൊരുക്കി. ചരിത്രത്തിൽ വംശീയ ഉന്മൂലനവും വംശഹത്യയും നടത്തിയ എല്ലാ രാഷ്ട്രങ്ങളെയും​പോലെ ഇസ്രായേലിലെ സയണിസ്റ്റുകൾ, ‘തിരഞ്ഞെടുക്കപ്പെട്ട ആളുകൾ’ എന്ന് സ്വയം വിശ്വസിക്കുന്നവർ ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു.

ഇസ്രായേൽ സൈനികർക്ക് മാന്യതയുടെ എല്ലാ ബോധവും നഷ്ടപ്പെട്ടതായി തോന്നുന്നതിൽ അതിശയിക്കാനില്ല. തങ്ങളാൽ കൊല്ലപ്പെടുകയോ നാടുകടത്തുകയോ ചെയ്ത സ്ത്രീകളുടെ അടിവസ്ത്രം ധരിക്കുന്നതി​ന്‍റെ വികൃതമായ വിഡിയോകൾ, മരിക്കുന്ന ഫലസ്തീനികളെയോ മുറിവേറ്റ കുട്ടികളെയോ ബലാത്സംഗം ചെയ്ത് പീഡിപ്പിക്കപ്പെട്ട തടവുകാരെയോ അനുകരിക്കുന്ന വിഡിയോകൾ, സിഗരറ്റ് വലിക്കുന്നതിനിടയിൽ കെട്ടിടങ്ങൾ പൊട്ടിത്തെറിക്കുന്ന ചിത്രങ്ങൾ എന്നിവകൊണ്ട് അവർ സോഷ്യൽ മീഡിയ നിറക്കുന്നതിൽ അതിശയിക്കാനില്ല. 

ഇസ്രായേലി​ന്‍റെയും സഖ്യകക്ഷികളുടെയും പാശ്ചാത്യ മാധ്യമങ്ങളുടെയും അഭിപ്രായമനുസരിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതാണ് ഇതിനൊക്കെ കാരണമെന്നാണ്. അവരുടെ അഭിപ്രായത്തിൽ ചരിത്രം ആരംഭിച്ചത് ഒരു വർഷം മുമ്പ് മാത്രമാണ്. അപലപിക്കുന്ന ഗെയിം കളിക്കാൻ ഞാൻ വിസമ്മതിക്കുന്നു. അടിച്ചമർത്തപ്പെട്ട ആളുകളോട് അവരുടെ അടിച്ചമർത്തലിനെ എങ്ങനെ ചെറുക്കണമെന്നോ അവരുടെ സഖ്യകക്ഷികൾ ആരായിരിക്കണമെന്നോ എനിക്ക് പറയാനാവില്ല.

2023 ഒക്ടോബറിൽ ഇസ്രായേൽ സന്ദർശന വേളയിൽ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇസ്രായേൽ യുദ്ധ മന്ത്രിസഭയുമായും കൂടിക്കാഴ്ച നടത്തിയപ്പോൾ ഒരു കാര്യം പറഞ്ഞു. ‘ഒരു സയണിസ്റ്റാകാൻ ഒരു ജൂതനാകണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഒരു സയണിസ്റ്റാണ്’ എന്ന്.

ഇസ്രായേൽ സ്വയം പ്രതിരോധത്തി​ന്‍റെ യുദ്ധമല്ല, ആക്രമണത്തി​ന്‍റെ യുദ്ധമാണ് നടത്തുന്നത്. കൂടുതൽ പ്രദേശങ്ങൾ കൈവശപ്പെടുത്താനും അവരുടെ വർണ്ണവിവേചനം ശക്തിപ്പെടുത്താനും ഫലസ്തീൻ ജനതക്കും പ്രദേശത്തിനും മേലുള്ള നിയന്ത്രണം കർശനമാക്കാനുമുള്ള യുദ്ധം -അരുന്ധതീ റോയ് പറഞ്ഞു.

യു.എസ് ഗാര്‍ഡിയനിലെ കോളമിസ്റ്റായ നവോമി ക്‌ളീനും പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. നവോമി അരുന്ധതി റോയിക്കും അവരുടെ നിലപാടുകള്‍ക്കും പിന്തുണ അറിയിച്ചു. അരുന്ധതി റോയ് തന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണെന്നും നവോമി ക്‌ളീന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജൂണിലാണ് 2024ലെ പെന്‍ പിന്‍റര്‍ പുരസ്‌കാരത്തിന് അരുന്ധതി റോയ് അര്‍ഹയായത്. 2010ല്‍ നടത്തിയ ചില പ്രസ്താവനകളുടെ പേരില്‍ പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പെന്‍ പിന്‍റർ പുരസ്‌കാരത്തിന് അരുന്ധതി പരിഗണിക്കപ്പെട്ടത്.

Tags:    
News Summary - 'No Propaganda on Earth Can Hide the Wound That Is Palestine: Arundhati Roy's PEN Pinter Prize Acceptance Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.