ശ്രീനഗർ: ജമ്മു കശ്മീരിലെ സമീപസ്ഥ തീവ്രവാദി ആക്രമണങ്ങളിൽ, അധികാരമേറ്റ മകൻ ഉമർ അബ്ദുള്ളയുടെ സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ആഭ്യന്തര ഗൂഢാലോചന ആരോപിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അധികാരം ഏറ്റെടുത്തപ്പോൾ എന്തുകൊണ്ടാണ് ആക്രമണങ്ങൾ വർധിച്ചതെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. കശ്മീരിലെ മൂന്ന് ജില്ലകളിലായി ശനിയാഴ്ച നടന്ന വെടിവെപ്പിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെടുകയും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിനു പിന്നാലെ പ്രാദേശിക ബി.ജെ.പി പാക്കിസ്താനെ കുറ്റപ്പെടുത്തി രംഗത്തുവന്നു. എന്നാൽ, പാക് പങ്കിനെക്കുറിച്ച് ചോദ്യമുദിക്കുന്നില്ലെന്ന് പ്രതികരിച്ച ഫാറൂഖ് അബ്ദുള്ള നാഷണൽ കോൺഫറൻസ് സർക്കാർ അധികാരത്തിലേറിയ രണ്ടാഴ്ചക്കാലം കശ്മീർ മേഖലയിൽ തീവ്രവാദത്തിന്റെ നാടകീയമായ കുതിപ്പിന് സാക്ഷ്യം വഹിച്ചുവെന്നും പലരും ആക്രമണത്തിന്റെ ‘സമയത്തെ’ ചോദ്യം ചെയ്യുന്നുവെന്നും പറഞ്ഞു.
വെടിവെപ്പിൽ ഏർപ്പെട്ടിരിക്കുന്ന തീവ്രവാദികളെ കൊല്ലുകയല്ല, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുക. അങ്ങനെ ചെയ്താൽ ആക്രമണത്തിനു പിന്നിൽ ആരാണെന്ന് അവർ പറയും. സ്വതന്ത്ര അന്വേഷണം വേണം. പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇവരെ പിടികൂടിയാൽ ആരാണ് ഇത് ചെയ്യുന്നതെന്ന് വ്യക്തമാകും -അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് ഒരു സർക്കാർ വന്നതിനുപിന്നാലെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? എന്തുകൊണ്ട് മുമ്പ് അത് നടന്നില്ല? ഈ സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ചെയ്യുന്നതാണെന്ന് താൻ സംശയിക്കുന്നുവെന്നും ഫാറൂഖ് അബ്ദുള്ള വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ജമ്മു കശ്മീരിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിന് സുരക്ഷാ പ്രശ്നങ്ങളിൽ ഒരു പങ്കുമില്ല. എന്നിട്ടും രാജ്യത്ത് പലരും അക്രമത്തിന്റെ കുതിച്ചുചാട്ടത്തെ കേന്ദ്ര ഭരണപ്രദേശത്തേക്കുള്ള പരിമിതമായ ജനാധിപത്യത്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെടുത്തുകയാണ്. ആക്രമണങ്ങളെക്കുറിച്ച് ഫാറൂഖ് ആശങ്ക പ്രകടിപ്പിച്ചെങ്കിലും സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള പദ്ധതികൾ വിജയിക്കില്ലെന്ന് അഭിപ്രായപ്പെട്ടു.
ഒക്ടോബർ 16ന് ഉമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞക്കു ശേഷം താഴ്‌വരയിലുണ്ടായ അര ഡസനോളം ആക്രമണങ്ങളിലും മൂന്ന് വെടിവെപ്പുകളിലും 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ബുദ്ഗാമിലെ ഗ്രാമത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികളെ തീവ്രവാദികൾ വെടിവച്ച് പരിക്കേൽപ്പിച്ചിരുന്നു. നഗരത്തിൽ മാസങ്ങൾ നീണ്ട ശാന്തതക്കുശേഷമാണ് ശ്രീനഗർ പ്രദേശമായ ഖന്യാറിൽ വെടിവെപ്പ് നടന്നത്. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച മണിക്കൂറുകൾ നീണ്ട വെടിവയ്പിൽ ഒരു വീട്ടിൽ നിന്ന് പുക ഉയരുകയും തീപിടിക്കുകയും ചെയ്തു. തിരക്കേറിയ പ്രദേശത്തെ താമസക്കാരോട് അവരുടെ സുരക്ഷക്കായി പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു.
തീവ്രവാദത്തിന് പിന്നിൽ പാകിസ്താനാണെന്നും മറ്റേതെങ്കിലും ഏജൻസിയുടെ പങ്കാളിത്തം അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും ജമ്മു കശ്മീർ ബി.ജെ.പി അധ്യക്ഷൻ രവീന്ദർ റെയ്‌ന ഫാറൂഖിനെ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.