ദാവൂദ്​ ഇബ്രാഹിമിനെയും ഹാഫിസ്​ സഇൗദിനെയും ഇന്ത്യക്ക്​ കൈമാറാൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ല

ന്യൂഡൽഹി: മുംബൈ ആക്രമണപരമ്പരകളുടെ സൂത്രധാരകരായ അധോലോക നായകൻ ദാവൂദ്​ ഇബ്രാഹിമിനെയും ജമാഅത്തുദ്ദഅ് വ തലവന്‍ ഹാഫിസ് സഈദി​െനയും ഇന്ത്യക്ക്​ കൈമാറണമെന്ന്​ അന്വേഷണ ഏജൻസികൾ ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ലെന്ന്​ വിദേശകാര്യ മന്ത്രാലയം. 1993ലെയും 2008ലെയും ആക്രമണങ്ങളുടെ സൂത്രധാരകരെന്ന്​ കരുതുന്ന ദാവൂദ്​ ഇബ്രാഹിമിനെയും ഹാഫിസ് സഈദിനെയും തിരിച്ചു കൊണ്ടുവരാൻ എന്തുനടപടി സ്വീകരിച്ചുവെന്ന്​ വിവരാവകാശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ്​ ഇത്തരമൊരാവശ്യം ഇതുവരെ അന്വേഷണ ഏജൻസികൾ ഉന്നയിച്ചിട്ടില്ലെന്ന്​ വിദേശകാര്യമന്ത്രാലയം മറുപടി നൽകിയത്​. 

1993ലെ സ്​ഫോടന പരമ്പരയിലെ പ്രധാന പ്രതി ദാവൂദ്​ ഇബ്രാഹിമാണ്​. സ്​ഫോടനങ്ങളിൽ 260 പേർ കൊല്ലപ്പെടുകയും 700പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. എന്നാൽ ഇബ്രാഹിം രാജ്യം വിട്ടു. നിലവിൽ പാകിസ്​താനിൽ ഒളിവിൽ താമസിക്കുകയാണെന്നാണ്​ സൂചന​. 

2008 നവംബർ 26ന്​ കടൽ മാർഗം മുംബൈയിലെത്തി ഭീകരാക്രമണം നടത്തിയ കേസിൽ പ്രധാന പ്രതിയാണ്​ പാക്​ ലഷ്​കർ ഇ ത്വയിബയുടെ സഹ സ്​ഥാപകൻ കൂടിയായ സഇൗദ്​. ഇൗ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു. 

ദാവൂദ്​ ഇബ്രാഹിം പാകിസ്​താനിലുണ്ടെന്ന്​ ഏപ്രിലിൽ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ പറഞ്ഞിരുന്നു. ഇന്ത്യയിലെ സ്​​ഫോടന പരമ്പരയിലെ പ്രധാന പ്രതിയാണ്​ ഇബ്രാഹിം എന്നു കാണിച്ച്​ ഫയലുകൾ കഴിഞ്ഞ 10 വർഷമായി പാകിസ്​താന്​ അയച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2011ൽ യു.പി.എ സർക്കാറി​​​​​​െൻറ കാലത്ത്​ ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരവും ദാവൂദ്​ ഇബ്രാഹിം കറാച്ചിയിൽ ഉണ്ടെന്ന്​ വ്യക്​തമാക്കിയിരുന്നു. 2008 ലെ ആക്രമണം ആസൂത്രണം ചെയ്​തവരെ നിയമത്തിനുമുന്നിൽ ​കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇവരെ ഇന്ത്യക്ക്​ കൈമാറണമെന്ന്​ ഇതുവരെയും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടിട്ടില്ലെന്നാണ്​ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്​.

Tags:    
News Summary - No Request Yet to Extradite Dawood Ibrahim, Hafiz Saeed, Says Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.