ജി.എസ്.ടി നിയമലംഘനങ്ങൾക്ക് ശിക്ഷ ഇളവ്; രണ്ടു കോടി വരെ പിഴ മാത്രം

ന്യൂഡൽഹി: ജി.എസ്.ടി നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽപ്പെടുത്തുന്നതിൽ ഇളവ് നൽകാൻ കൗൺസിൽ ശിപാർശ. രണ്ടു കോടി യിലധികം രൂപയുടെ ക്രമക്കേട് നടന്നാൽ മാത്രമേ ഇനി പ്രോസിക്യൂഷൻ നടപടിയുണ്ടാകൂ. നിലവിൽ ഇത് ഒരു കോടിയായിരുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുക, പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക, വിവരങ്ങള്‍ നല്‍കാതിരിക്കുക എന്നിവ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാന്‍ യോഗം ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് യോഗത്തിനുശേഷം റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള കുറ്റകൃത്യങ്ങളുടെ പരിധി രണ്ട് കോടിയായി ഉയര്‍ത്തിയത് വ്യാജ ഇന്‍വോയ്‌സ് തയാറാക്കുന്നതടക്കം കുറ്റകൃത്യങ്ങള്‍ക്ക് ബാധകമല്ല. പയര്‍വര്‍ഗങ്ങളുടെ തൊലി, കത്തികള്‍ എന്നിവയുടെ ജി.എസ്.ടി നിരക്ക് അഞ്ച് ആയിരുന്നത് പൂര്‍ണമായും ഒഴിവാക്കി. എഥനോള്‍ ബ്ലെന്‍ഡ്‌ ചെയ്യുന്നതിനുള്ള ഈഥൈല്‍ ആല്‍ക്കഹോളിന്റെ നികുതിയും ഒഴിവാക്കി. പുതിയ നികുതികളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും പാൻമസാല, ഗുട്ഖ വ്യാപാര സ്ഥാപനങ്ങളിലെ നികുതിവെട്ടിപ്പ് തടയാനുള്ള സംവിധാനം, ഓൺലൈൻ ഗെയിം, കാസിനോ എന്നിവക്ക് നികുതി നിശ്ചയിക്കൽ അടക്കം അജണ്ടയിലുള്ള പലതും സമയക്കുറവുമൂലം ചർച്ചക്കെടുത്തില്ലെന്നും ധനമന്ത്രി അറിയിച്ചു. എന്നാൽ ഓൺലൈൻ ഗെയിമുകൾക്ക് മുഴുവൻ പന്തയത്തുകയുടെ 28 ശതമാനം ജി.എസ്.ടി ഈടാക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് മേധാവി വിവേക് ജോഹ്‌രി പറഞ്ഞു.

15 അജണ്ടകളാണ് യോഗത്തിൽ ഉണ്ടായിരുന്നതെന്നും അതില്‍ എട്ടെണ്ണത്തില്‍ തീരുമാനമായെന്നും ധനമന്ത്രി പറഞ്ഞു. അവശേഷിക്കുന്നവ ജൂണിലെ അടുത്ത യോഗത്തില്‍ പരിഗണിക്കും.

Tags:    
News Summary - No tax increase on any item

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.