ന്യൂഡൽഹി: തലകീഴായി കാലുകൾ മേൽപോട്ടാക്കി കൈകൾ നിലത്തൂന്നി നടക്കുന്ന യുവാവ്. 2:20 മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോ ക്ലിപ്പായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ. നരേന്ദ്ര മോദി തന്റെ 26ാം വയസ്സിൽ യോഗ ചെയ്യുന്നതിന്റെ ദൃശ്യം എന്ന അടിക്കുറിപ്പോടെയാണ് പ്രസ്തുത വിഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും പ്രചരിച്ചത്.
ഋഷികേശിലെ സാധു ദയാനന്ദന്റെ ആശ്രമത്തിൽ മോദി യോഗ ചെയ്യുന്നു എന്നായിരുന്നു ഹിന്ദിയിൽ അടിക്കുറിപ്പ്. ഈ വിഡിയോയുടെ ആധികാരികതയെ കുറിച്ച് സംശയമുയർന്നപ്പോൾ 'ആൾട്ട് ന്യൂസ്' എന്ന വസ്തുതാന്വേഷണ വെബ് സൈറ്റ് ഇതേക്കുറിച്ച് പരിശോധന നടത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് അവർ പുറത്തുവിട്ടിട്ടുണ്ട്. അവകാശവാദങ്ങളിൽ പറയുന്നത് പോലെ മോദിയുടെ വിഡിയോ അല്ല ഇതെന്നാണ് ആൾട്ട് ന്യൂസിന്റെ കണ്ടെത്തൽ. മോദി തലകീഴായി നടക്കുന്നുവെന്നത് കള്ളമാണ് എന്നും ഇവർ തെളിവുകൾ ചൂണ്ടിക്കാട്ടി പറയുന്നു.
2021 ജൂണിൽ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലായത്. വിഡിയോക്ക് തമിഴിൽ "26 ജൂൺ 2021" എന്ന തലക്കെട്ടും ഉണ്ടായിരുന്നു. വൈറലായ വീഡിയോയിൽ, ആകാശത്ത് നിന്ന് മഞ്ഞുതുള്ളികൾ വീഴുന്നത് കാണാം. എന്നാൽ, ഭൂമിയിൽ മഞ്ഞ് കാണുന്നില്ല. മഞ്ഞ് ഡിജിറ്റലായി ചേർത്തതാണെന്ന് വ്യക്തം.
യഥാർഥ വിഡിയോ കുറച്ചുകൂടി ദൈർഘ്യമുള്ളതാണ്. അതിൽ 3:01-മിനിറ്റിൽ മാസ്ക് ധരിച്ച ഒരു വ്യക്തിയെ പശ്ചാത്തലത്തിൽ കാണാം. 3:45 മിനിറ്റിൽ മാസ്ക് ധരിച്ച മറ്റൊരു വ്യക്തിയെയും കാണാൻ കഴിയും. ഇത് കോവിഡ് കാലത്താണ് വിഡിയോ ചിത്രീകരിച്ചത് എന്നതിന് തെളിവാണ്. അതായത് മോദിയുടെ യുവത്വ കാലത്തല്ല എന്ന് വ്യക്തം.
ആൾട്ട് ന്യൂസ് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ ഷെയർചാറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതേ വീഡിയോ കണ്ടെത്തി. ഇവ 2021 ജൂണിലാണ് പ്രസിദ്ധീകരിച്ചത്. വിഡിയോയിൽ മുകളിൽ വലത് കോണിൽ "ക്രിയേറ്റ് ബൈ സബ്സെ സുന്ദര് മേരാ കേദാരനാഥ് ജ്യോതിർലിംഗ ആചാര്യ ശ്രീ സന്തോഷ് ത്രിവേദി' എന്ന് എഴുതിയിട്ടുണ്ട്. ഈ സൂചന ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ വാർത്ത ഏജൻസിയായ എ.എൻ.ഐയുടെ 2021 ജൂണിലുള്ള ട്വീറ്റ് കണ്ടെത്തി.
ഇതിൽ ആചാര്യ സന്തോഷ് ത്രിവേദി കേദാർനാഥ് ക്ഷേത്രത്തിന് പുറത്ത് തലകീഴായി നടക്കുന്ന ഫോട്ടോയുണ്ട്. ഈ ഫോട്ടോയിലെ ആചാര്യ സന്തോഷ് ത്രിവേദിയുടെ വസ്ത്രവും മോദിയുടേതെന്ന പേരിൽ വൈറലായ വീഡിയോയിലെ വസ്ത്രവും ഒരുപോലെയാണ്. ആചാര്യ സന്തോഷ് ത്രിവേദി തലകീഴായി അഭ്യാസം നടത്തുന്ന മറ്റുവിഡിയോകളും സോഷ്യൽ മിഡിയയിൽ ലഭ്യമാണ്.
ക്ഷേത്രപരിസരത്ത് തലകീഴായി നടക്കുന്ന വൈറൽ വീഡിയോ ആചാര്യ സന്തോഷ് ത്രിവേദിയുടേതാണ്. 26 കാരനായ നരേന്ദ്ര മോദിയാണ് ഈ വിഡിയോയിൽ എന്ന വാദം തെറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.