ദലിത് കുടുംബത്തി​ന്‍റെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തും കഴിച്ചും രാഹുൽ; വിഡിയോ

ന്യൂഡൽഹി: ബഹുജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നൽകുന്ന ഭരണഘടനയെ കോൺഗ്രസ് സംരക്ഷിക്കുമെന്നും എന്നാൽ ഓരോ ഇന്ത്യക്കാര​നും ഹൃദയത്തിൽ സാഹോദര്യത്തി​ന്‍റെ മനോഭാവത്തോടെ പരിശ്രമിക്കുമ്പോൾ മാത്രമാണ് സമൂഹത്തിൽ എല്ലാവർക്കും ശരിയായ സമത്വം സാധ്യമാകുകയുള്ളൂ എന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരു ദലിത് കുടുംബത്തി​ന്‍റെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലി​ന്‍റെ വാക്കുകൾ.

‘ഇന്നും വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ദലിത് അടുക്കളകളെക്കുറിച്ച് അറിയൂ. ​ദലിത് അടുക്കളകളെ കുറിച്ച് പുസ്തകം രഹിച്ച ഷാഹു പടോലെ പറഞ്ഞതുപോലെ, ദലിതർ എന്താണ് കഴിക്കുന്നതെന്ന് ആർക്കും അറിയില്ല. അവർ എന്താണ് കഴിക്കുന്നത്? എങ്ങനെ പാചകം ചെയ്യുന്നു? അതി​ന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യം എന്നിവയിൽ ആകാംക്ഷയോടെ അജയ് തുക്കാറാം സനദേക്കും അഞ്ജന തുക്കാറാം സനദേക്കും ഒപ്പം ഒരു ഉച്ചക്കുശേഷം ഞാൻ ചെലവഴിച്ചു’- വിഡിയോക്കൊപ്പം ഹിന്ദിയിൽ എഴുതിയ പോസ്റ്റിൽ രാഹുൽ വിവരിച്ചു.

‘അടുക്കളയിൽ സഹായിക്കാൻ മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് അവർ എന്നെ ബഹുമാനിച്ചു. ഞങ്ങൾ ഒരുമിച്ച് ‘ചാനേ കെ സാഗ് കി സബ്ജി’ ‘ഹർഭാര്യാച്ചി ഭാജി’, ‘തുവർ ദാൽ’ എന്നിവ വഴുതന ചേർത്ത് പാകം ചെയ്തു’വെന്നും രാഹുൽ പറഞ്ഞു.

‘പട്ടോലെയും  സനദേ കുടുംബത്തി​ന്‍റെയും ജാതിയും അതിനോടുള്ള വിവേചനവും സംബന്ധിച്ച വ്യക്തിപരമായ അനുഭവങ്ങൾ മുൻനിർത്തി ദലിത് പാചകരീതിയെക്കുറിച്ചുള്ള അവബോധമില്ലായ്മയെക്കുറിച്ചും ഈ സംസ്കാരത്തെ രേഖപ്പെടുത്തേണ്ടതി​ന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു’ - അദ്ദേഹം പറഞ്ഞു. ഭരണഘടന ബഹുജനങ്ങൾക്ക് അവരുടെ വിഹിതവും അവകാശങ്ങളും നൽകുന്നു. ആ ഭരണഘടന ഞങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

വിഡിയോയിൽ രാഹുൽ അടുക്കളയിൽ സഹായിക്കുകയും തുടർന്ന് കുടുംബത്തോടൊപ്പം അവരുടെ വീട്ടിൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതുകാണാം. ദലിതർ കഴിക്കുന്ന ഭക്ഷണങ്ങളെ ഉയർത്തിക്കാട്ടുന്നതിനായി താൻ മറാത്തിയിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്നും ‘ദലിത് കിച്ചൻസ് ഓഫ് മറാത്ത്വാഡ’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ടെന്നും എഴുത്തുകാരൻ ഷാഹു പടോലെ രാഹുലിനെ അറിയിച്ചിരുന്നു.

Tags:    
News Summary - Nobody knows what Dalits eat - Rahul Gandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.