ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളജില്‍ എ.ബി.വി.പി നടത്തിയ ആക്രമണത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രാജ്യവ്യാപക കാമ്പയിന്‍. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്‍െറ മകള്‍ ഗുര്‍മേഹര്‍ തുടങ്ങിവെച്ച കാമ്പയിനാണ് വൈറലായത്. ‘ഞാന്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയാണ്്, എനിക്ക് എ.ബി.വി.പിയെ ഭയമില്ല, ഞാന്‍ ഒറ്റക്കല്ല. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികളും എനിക്കൊപ്പമുണ്ട് എന്നിങ്ങനെ എഴുതിവെച്ച പോസ്റ്ററുമായി നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തില്‍ ഗുര്‍മേഹര്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു വിദ്യാര്‍ഥികളും ഇതേവരികള്‍ എഴുതിവെച്ച പോസ്റ്ററുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയതു. മണിക്കുറുകള്‍ക്കുള്ളില്‍ രാജ്യവ്യാപക പ്രതികരണമാണ് ഗുര്‍മേഹര്‍ തുടങ്ങിവെച്ച കാമ്പയിന് ലഭിച്ചത്. എ.ബി.വി.പി ആക്രമിച്ചത് രാംജാസിലെ വിദ്യാര്‍ഥികളെ മാത്രമല്ല. ഇന്ത്യന്‍ ജനാധിപത്യത്തെയും ഓരോ പൗരന്‍െറയും ഹൃദയത്തെയുമാണെന്നും ഗുര്‍മേഹര്‍ ഫേസ്ബുക്കില്‍ പറയുന്നുണ്ട്. ഡല്‍ഹി സര്‍വകലാശാലയിലെ ശ്രീ റാം കോളജില്‍ ബിരുദ വിദ്യാര്‍ഥിയാണ് ഗുര്‍മേഹര്‍.
ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കളെ രാംജാസില്‍ നടന്ന സെമിനാറിലേക്ക് ക്ഷണിച്ചതിനെ തുടര്‍ന്നാണ് എ.ബി.വിപി ആക്രമണം തുടങ്ങിയത്. ഇതില്‍ പ്രതിഷേധിച്ചവരെയും ക്രൂരമായി മര്‍ദിച്ചു. അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പൊലീസും എ.ബി.വി.പിയുടെ കൂടെനിന്ന് വിദ്യാര്‍ഥികളെ മര്‍ദിച്ചിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധം വ്യാപകമായതോടെ അന്വേഷണം ക്രൈംബാഞ്ചിനെ ഏല്‍പിച്ചു. ഇവര്‍ കുറ്റക്കാരെന്ന് കണ്ടത്തെിയ മൂന്നു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരും നല്‍കിയ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു നടപടി.
അതേസമയം, പ്രതിഷേധത്തില്‍ പങ്കെടുത്തവരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. പൊലീസ് കാവലുണ്ടായിട്ടും പുറത്തുനിന്നുള്ള എ.ബി.വി.പി പ്രവര്‍ത്തകര്‍ രാത്രി സമയങ്ങളിലും മറ്റും കാമ്പസില്‍ പ്രവേശിക്കുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.