ബംഗളൂരു: കർണാടകയിലെ വരുണയിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ മകനെ മത്സരിപ്പിക്കുമെന്ന വാർത്തകൾ തള്ളി ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ. വരുണയിൽ സിദ്ധരാമയ്യക്കെതിരെ കരുത്തനായ സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കും. അതേ സമയം മകൻ ബി.വൈ. വിജയേന്ദ്ര ശിവമൊഗ്ഗയിലെ ശിക്കാരിപുരയിൽ തന്റെ പിൻഗാമിയാകുമെന്നും യെദിയൂരപ്പ പറഞ്ഞു. 1983മുതൽ യെദിയൂരപ്പ മത്സരിക്കുന്ന മണ്ഡലമാണിത്. ഏഴു തവണയാണ് അദ്ദേഹം ശിക്കാരിപുരയെ പ്രതിനിധീകരിച്ചത്.
കഴിഞ്ഞ തവബ ബദാമിയിൽ സിദ്ധരാമയ്യയുടെ ഭൂരിപക്ഷം ബി.ജെ.പി 1696 ആയി ചുരുക്കിയിരുന്നു. ഇത്തവണയും അത് ആവർത്തിക്കാനാണ് ബി.ജെ.പിയുടെ കരുനീക്കം. കോൺഗ്രസിന്റെ കോട്ടയാണ് മൈസൂരിലെ വരുണ. സിദ്ധരാമയ്യ ഉൾപ്പെടുന്ന കുറുബ സമുദായം നിർണായക ശക്തിയായ മണ്ഡലം കൂടിയാണ് ഇത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥികൾ മാത്രമേ ഇതുവരെ വിജയിച്ചിട്ടുള്ളൂ.
വ്യാഴാഴ്ചയാണ് വരുണയിൽ തന്റെ മകനെ മത്സരിപ്പിക്കുമെന്ന് യെദിയൂരപ്പ സൂചന നൽകിയത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. താൻ ഇനി മത്സരിക്കാനില്ലെന്നും മകനെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും നേരത്തേ യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. വരുണയിൽ വിജയേന്ദ്ര മത്സരിച്ചാൽ വിജയസാധ്യത കുറവാണ്. അതിനാലാണ് സ്വന്തം മണ്ഡലം തന്നെ മകനു തന്നെ നൽകാൻ യെദിയൂരപ്പ മുന്നിട്ടിറങ്ങിയത്. തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടിയുടെ ഏതുതീരുമാനവും അംഗീകരിക്കുമെന്ന് വിജയേന്ദ്ര പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.