കോലാപൂർ: കേന്ദ്രത്തിൽ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി പടപൊരുതാൻ യു.പി.എയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷൻ ശരദ് പവാർ തള്ളി. യു.പി.എ അധ്യക്ഷ പദവി ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് മഹാരാഷ്ട്രയിലെ കോലാപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പവാർ പറഞ്ഞു.
'ഞാൻ അത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുക്കില്ല. ബി.ജെ.പിക്കെതിരെ രാഷ്ട്രീയ മുന്നണി എന്ന നിലയിൽ യോജിച്ച പോരാട്ടം നടത്താൻ ശ്രമിച്ചാൽ തീർച്ചയായും ഞാൻ സഹായം നൽകും'-പവാർ പറഞ്ഞു.
ഇത്തരമൊരു ശ്രമം നടത്തുന്നതിന് മുമ്പ് കോൺഗ്രസില്ലാതെ ഐക്യമുന്നണിയെ സാധ്യമാവില്ലെന്ന യാഥാർഥ്യം നേതാക്കൾ മനസിലാക്കണം. കോൺഗ്രസിന് അധികാരമില്ലെങ്കിലും മറ്റേതൊരു പ്രാദേശിക പാർട്ടിയേക്കാളും രാജ്യത്തുടനീളം വിപുലമായ സാന്നിധ്യമുണ്ടെന്നും എൻ.സി.പി മേധാവി ഓർമിപ്പിച്ചു.
യു.പി.എയെ പവാർ നയിക്കണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. റാവത്തിന്റെ ആവശ്യം ചില എൻ.സി.പി പ്രവർത്തകർ കൂടി ഏറ്റെടുത്തതോടെയാണ് വിഷയത്തിൽ പ്രതികരണവുമായി പവാർ രംഗത്തെത്തിയത്.
രാജ്യത്ത് ശക്തമായ പ്രതിപക്ഷത്തിനായി കോൺഗ്രസ് കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയെ കുറിച്ചും പവാർ പ്രതികരിച്ചു. 'ശക്തമായ പ്രതിപക്ഷം പാർലമെന്ററി ജനാധിപത്യത്തിന്റെ നിലനിൽപ്പിന് നിർണായകമാണ്. ഒരു പാർട്ടി മാത്രം നിലനിൽക്കുന്ന സാഹചര്യം നമുക്കുണ്ടാവില്ല. വ്ലാഡ്മിർ പുടിന് (റഷ്യൻ പ്രസിഡന്റ്) മാത്രമേഅത് ചെയ്യാൻ കഴിയൂ'-പവാർ പറഞ്ഞു.
കണ്ടുകഴിഞ്ഞാൽ ഒരു സമുദായത്തിന്റെ മനസ്സിൽ മറ്റൊരു സമുദായത്തിനെതിരെ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലാണ് 'ദി കശ്മീർ ഫയൽസ്' സിനിമ നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി സിനിമയെ ഉപയോഗിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ ഇൗ സൗജന്യമായി സൗജന്യമായി വോട്ടർമാരെ കാണിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.