ന്യൂഡൽഹി: നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മാംസ വിൽപനക്ക് ഏർപ്പെടുത്തിയ നിരോധനത്തെ പിന്തുണച്ച് ഡൽഹി ബി.ജെ.പി എം.പി. നവരാത്രി ആഘോഷ ദിവസങ്ങളിൽ മാംസ വിൽപന നിരോധനം രാജ്യം മുഴുവനും നടപ്പാക്കണമെന്ന് വെസ്റ്റ് ഡൽഹി ലോക്സഭ മണ്ഡലം എം.പിയായ പർവേഷ് സാഹിബ് സിങ് വർമ ആവശ്യപ്പെട്ടു.
ബി.ജെ.പിയാണ് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരിക്കുന്നത്. കോർപറേഷൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈസ്റ്റ്, നോർത്ത് കോർപറേഷനുകളും മാംസ നിരോധനം നടപ്പാക്കണം. രാജ്യം മുഴുവനും നിരോധനം നടപ്പാക്കണമെന്നും പർവേഷ് പറഞ്ഞു. പർവേഷ് നേരത്തെയും പല വിവാദ പരാമർശങ്ങളും നടത്തിയിരുന്നു. കോർപറേഷൻ തീരുമാനത്തിനെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും രൂക്ഷവിമർശനവുമായി രംഹത്തുവന്നിരുന്നു.
അസദുദ്ദീൻ ഉവൈസിയെപ്പോലുള്ള നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളിൽ മുസ്ലിംകൾ വീഴരുതെന്നും ഹിന്ദു ഉത്സവത്തെ ആദരിക്കണമെന്നും കോർപറേഷൻ തീരുമാനത്തെ സ്വാഗതം ചെയ്യണമെന്നും എം.പി ആവശ്യപ്പെട്ടു. നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി ഏപ്രിൽ 11 വരെ മാംസ വിൽപന കേന്ദ്രങ്ങൾ അടച്ചിടുന്നത് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ മേയർ മുകേഷ് സൂര്യൻ കമീഷണർ ഗ്യാനേഷ് ഭാരതിക്ക് കത്തയച്ചിരുന്നു. പിന്നാലെ നിരോധനം കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.