‘ഗഡിദ ഗുഡ്ഡു’വാണ് ഇപ്പോൾ തെലങ്കാനയിൽ താരം. ഗഡിദ എന്നാൽ കഴുത. ഗുഡ്ഡു എന്നാൽ മുട്ട. കഴുത മുട്ടയോ എന്നതിശയം കൂറേണ്ട. നടക്കാൻ സാധ്യതയില്ലാത്തത് എന്നതിനെ സൂചിപ്പിക്കുന്ന തെലുങ്കു പ്രയോഗമാണിത്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം നിറയുന്ന ‘കഴുത മുട്ട’ തെലങ്കാന രാഷ്ട്രീയത്തിൽ വൻ ഹിറ്റായിക്കഴിഞ്ഞു. ചർച്ചകളെല്ലാം മുട്ടയെ ചുറ്റിപ്പറ്റി.
പ്രചാരണ റാലികളിൽ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമെല്ലാം ‘കഴുത മുട്ട’യുടെ പ്രതീകം ഉയർത്തിക്കാട്ടുന്നു. പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും പരസ്യങ്ങൾ നിറയുന്നു. ചർച്ചകൾ കൊഴുക്കവെ, കോൺഗ്രസിന് തെരഞ്ഞെടുപ്പ് ചിഹ്നം തന്നെ മാറിപ്പോയോ എന്ന് ബി.ജെ.പിയുടെ കൗണ്ടർ.
തെലങ്കാന പ്രക്ഷോഭത്തിന്റെ അനന്തരഫലമായി ആന്ധ്ര വിഭജിച്ച് പുതിയ സംസ്ഥാനം രൂപവത്കരിച്ചിട്ട് വെറും 10 വർഷമേ ആയുള്ളൂ. അതായത് കേന്ദ്രത്തിലെ മോദിക്കാലത്തിന് തുല്യം. ഈ 10 വർഷം കൊണ്ട് തെലങ്കാനക്ക് ബി.ജെ.പി എന്തു നൽകി എന്നതാണ് കോൺഗ്രസ് ഉയർത്തുന്ന ചോദ്യം. ഉത്തരം വട്ടപ്പൂജ്യം, ‘ഗഡിദ ഗുഡ്ഡു’ അഥവാ കഴുത മുട്ട! തെലങ്കാന കേന്ദ്രത്തോട് ചോദിച്ചവയുടെ ലിസ്റ്റ് സഹിതം പുറത്തുവിട്ടാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ബി.ജെ.പിയെ ചോദ്യമുനയിൽ നിർത്തുന്നത്.
കഴിഞ്ഞ 10 വർഷമായി മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് രേവന്തും ഉയർത്തുന്നത് എന്നതാണ് കൗതുകകരമായ കാര്യം. അതുകൊണ്ട് ബി.ആർ.എസിന് ‘ഗഡിദ ഗുഡ്ഡു’വിനെ തള്ളാനും വയ്യ കൊള്ളാനും വയ്യ. പലമുരു രംഗറെഡ്ഡി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് ദേശീയ പദവി തേടിയത്, കാസിപേട്ട് റെയിൽകോച്ച് ഫാക്ടറി, ബയ്യാരം സ്റ്റീൽ ഫാക്ടറി, ഗോദാവരി- കൃഷ്ണ നദികളിൽ ജലസേചന പദ്ധതികൾ, ലോകത്തെ ഏറ്റവും വലിയ ആദിവാസി ഉത്സവമായ മേദാരം ജാതറക്ക് ദേശീയ പദവി, മഞ്ഞൾ വികസന ബോർഡ്, ആദിവാസി സർവകലാശാല തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രം തെലങ്കാനയെ അവഗണിച്ചതായി ചൂണ്ടിക്കാട്ടുന്ന കോൺഗ്രസ്, കേന്ദ്ര സർക്കാറും ബി.ജെ.പിയും പത്തുവർഷമായി ജനങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നെന്ന് ‘കഴുത മുട്ട’ കാമ്പയിനിലൂടെ പറയുന്നു.
കർണാടകയിൽ ‘ചൊമ്പു’ (കാലിപ്പാത്രം) ആയിരുന്നു ബി.ജെ.പിക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിച്ച വജ്രായുധം.
വരൾച്ചാ ദുരിതാശ്വാസ ഫണ്ട് കേന്ദ്രം അനുവദിക്കാത്തതടക്കം ഉയർത്തിക്കാട്ടിയ ‘ചൊമ്പു’ കാമ്പയിൻ ബി.ജെ.പിക്ക് ക്ഷീണമേറ്റിയിരുന്നു. ഇരു കാമ്പയിന് പിന്നിലെയും മാസ്റ്റർ ബ്രെയിൻ കോൺഗ്രസിന്റെ ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് സുനിൽ കനഗോലുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.