ജനങ്ങളുടെ നല്ല സുഹൃത്താകാൻ തയ്യാറല്ല; തമിഴ്നാട്ടിൽ ഗവർണർക്കെതിരേ പ്രമേയവുമായി വീണ്ടും സ്റ്റാലിൻ

ചെന്നൈ: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കിയില്ലെന്നാരോപിച്ച് തമിഴ്‌നാട് ഗവർണർ ആർ.എൻ രവിക്കെതിരെ പുതിയ പ്രമേയവുമായി ഡി.എം.കെ സർക്കാർ. ജനങ്ങളുടെ ക്ഷേമത്തിന് വിരുദ്ധമാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.

"ഗവർണർക്കെതിരെ ഞാൻ കൊണ്ടുവരുന്ന രണ്ടാമത്തെ പ്രമേയമാണിത്. ഗവർണർ നിഷ്പക്ഷനായിരിക്കണമെന്ന് സർക്കാരിയ കമ്മീഷൻ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ അധികാരത്തിൽ ഗവർണർ ഇടപെടേണ്ടതില്ലെന്ന് ഡോ. അംബേദ്കർ പറഞ്ഞു. ഗവർണർ ഒരു വഴികാട്ടിയായിരിക്കണമെന്ന് സുപ്രീം കോടതിയുടെ പല ഉത്തരവുകളും പറഞ്ഞിട്ടുണ്ട്. പക്ഷേ നമ്മുടെ ഗവർണർ ജനങ്ങളുടെ സുഹൃത്താകാൻ തയ്യാറല്ല" അദ്ദേഹം സഭയിൽ പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ അനുമതി നൽകാൻ തമിഴ്‌നാട് ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോടും പ്രസിഡന്റ് ദ്രൗപതി മുർമുവിനോടും ആവശ്യപ്പെട്ട പ്രമേയം മന്ത്രി ദുരൈ മുരുകൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു.

തമിഴ്നാട്ടുകാർക്ക് അനുകൂലമായി പാസാക്കിയ ബില്ലുകളെ അദ്ദേഹം പൊതുവേദിയിൽ വിമർശിക്കുകയും ജനങ്ങളുടെ ക്ഷേമത്തിന് എതിരായി നിലകൊള്ളുകയും ചെയ്യുന്നു. ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിന് അനുമതി നൽകാൻ അദ്ദേഹം വിസമ്മതിച്ചു. ഭരണഘടനയനുസരിച്ച്, ഒരു ബിൽ ഗവർണർ മടക്കി അയക്കുകയും അതേ ബിൽ ഒരിക്കൽകൂടി പാസാക്കി തിരിച്ചയക്കുകയും ചെയ്താൽ ഗവർണർ അതിന് അനുമതി നൽകണം.

നിയമനിർമാണ സഭ നിയമം പാസാക്കുമ്പോൾ അതിൽ ഒപ്പിടാനുള്ള അധികാരം നാമനിർദേശം ചെയ്യപ്പെട്ട ഒരു വ്യക്തിക്ക് നൽകുന്നത് ആലോചിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.

ബില്ലുകളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ഗവർണർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.കെയും സഖ്യ കക്ഷികളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം എ.ഐ.എ.ഡി.എം.കെ പ്രതിനിധികൾ ഇറങ്ങിപ്പോയി. 

Tags:    
News Summary - "Not Ready To Be A Friend": MK Stalin Moves Resolution Against Tamil Nadu Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.