ന്യൂഡല്‍ഹി: നോട്ട് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്ത് അവസാനനിമിഷം വിള്ളല്‍. രാഷ്ട്രപതിയെ കാണാനുള്ള പ്രതിപക്ഷ സംഘത്തില്‍നിന്ന് ഇടതുപാര്‍ട്ടികള്‍, എസ്.പി, ബി.എസ്.പി, എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, എന്‍.സി.പി എന്നിവര്‍ വിട്ടുനിന്നു. അതേസമയം, കോണ്‍ഗ്രസ്, ടി.എം.സി, ജെ.ഡി.യു, ആര്‍.ജെ.ഡി എന്നിവയുടെ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കി. നോട്ട് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും പാര്‍ലമെന്‍റ് ചര്‍ച്ചക്കുപോലും സര്‍ക്കാര്‍ തയാറാകുന്നില്ളെന്ന പരാതിയുമായാണ് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടത്.
പ്രതിപക്ഷത്തെ 14 പാര്‍ട്ടികളുടെ നേതാക്കള്‍ ഒന്നിച്ച് രാഷ്ട്രപതിയെ കാണാനായിരുന്നു വ്യാഴാഴ്ച തീരുമാനിച്ചത്. അതിനിടെ, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ ചൊടിപ്പിച്ചു. സര്‍ക്കാറുമായി പോരടിച്ചുനില്‍ക്കവെ, പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കണ്ടത് ശരിയായില്ളെന്നാണ് വിട്ടുനിന്ന പാര്‍ട്ടികളുടെ വിലയിരുത്തല്‍.
രാഹുല്‍ ഗാന്ധി യു.പിയിലും പഞ്ചാബിലും നടത്തിയ കര്‍ഷകയാത്രയില്‍ ലഭിച്ച ആവശ്യങ്ങളുടെ പട്ടിക സര്‍ക്കാറിന് സമര്‍പ്പിക്കാനായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസിന്‍െറ നീക്കത്തിലുള്ള എതിര്‍പ്പാണ് എസ്.പിയുടെയും ബി.എസ്.പിയുടെ പ്രശ്നം. രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കി മടങ്ങുന്നതില്‍ പ്രസക്തിയില്ളെന്നും ജനങ്ങളിലേക്കിറങ്ങുകയാണ് വേണ്ടതെന്നും അതിനാലാണ് സംഘത്തില്‍നിന്ന് മാറിനിന്നതെന്നുമാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.
അതേസമയം, രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ സി.പി.എം നേതാക്കളുടെയും ഒപ്പുണ്ട്. വിവരമറിയിക്കുന്നതിലെ വീഴ്ചയാണ് സി.പി.ഐ അടക്കം ചില പാര്‍ട്ടികള്‍ വിട്ടുനില്‍ക്കാനിടയാക്കിയതെന്ന് സി.പി.ഐ നേതാവ് ഡി. രാജ പറഞ്ഞു. ചില പാര്‍ട്ടികള്‍ വിട്ടുനിന്നത് കാര്യമാക്കേണ്ടതില്ളെന്നും നോട്ട് വിഷയത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും കോണ്‍ഗ്രസ്, ടി.എം.സി നേതാക്കള്‍ പറഞ്ഞു.
സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയിലേക്ക് നയിച്ച, ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാക്കിയ നോട്ട് നിരോധനത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചപോലും തയാറാകാത്ത മോദി സര്‍ക്കാറിന്‍െറ നിലപാട് ഏകാധിപത്യപരമാണെന്ന് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുധീപ് ബന്ധോപാധ്യായ, ശരദ് യാദവ് എന്നിവര്‍ പറഞ്ഞു.
നോട്ട്നിരോധനം ജോലിചെയ്തു ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെമാത്രമാണ് ബാധിച്ചത്. ജോലിയും കൂലിയുമില്ലാത്ത നിലയിലാണ് ജനം. ഭരണഘടനയുടെ സംരക്ഷകനെന്ന നിലക്ക് രാഷ്ട്രപതി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.