ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഒഡിയ നടൻ ബുദ്ധാദിത്യ മൊഹന്തിക്കെതിരെ നാഷണൽ സ്റ്റുഡന്‍റസ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പൊലീസിൽ പരാതി നൽകി. പോസ്റ്റിന്റെ പേരിൽ മൊഹന്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എൻ.എസ്.യു.ഐ പ്രസിഡന്‍റ് ഉദിത് പ്രധാൻ വെള്ളിയാഴ്ചയാണ് സ്റ്റേഷനിൽ പരാതി നൽകിയത്. നടൻ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
‘എൻ.സി.പി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിനു ശേഷം ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തിന്റെ അടുത്ത ലക്ഷ്യം കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയായിരിക്കണമെന്ന് സമൂഹ മാധ്യമ പോസ്റ്റിൽ മൊഹന്തി പറയുകയുണ്ടായി. ഞങ്ങളുടെ നേതാവിനെതിരായ ഇത്തരമൊരു പരാമർശം സഹിക്കാൻ കഴിയുന്നതല്ലെ’ന്ന് ഉദിത് പ്രധാൻ പറഞ്ഞു. പരാതിക്കൊപ്പം പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടും സമർപിച്ചിട്ടുണ്ട്.
പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. വിമർശനമുയർന്നതിനെ തുടർന്ന് തന്റെ പോസ്റ്റിന് നടൻ ക്ഷമാപണം നടത്തിയിരുന്നു. ‘രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള എന്റെ അവസാന പോസ്റ്റ്. ഒരിക്കലും അദ്ദേഹത്തെ ലക്ഷ്യം വെക്കാനോ ഉപദ്രവിക്കാനോ അപമാനിക്കാനോ അദ്ദേഹത്തിനെതിരെ ഒന്നും എഴുതാനോ മനഃപൂർവ്വം ഉദ്ദേശിച്ചിട്ടില്ല. എന്റെ ഉദ്ദേശം ഇതായിരുന്നില്ല. ആരുടെയെങ്കിലും വികാരത്തെ ബാധിച്ചുവെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നുവെന്ന്’ മൊഹന്തി വെള്ളിയാഴ്ച ഫേസ്ബുക്കിൽ കുറിച്ചു.
ഒക്‌ടോബർ 12ന് മുംബൈയിൽ വെച്ച് കോൺഗ്രസ്-എൻ.സി.പി നേതാവ് സിദ്ദീഖ് വെടിയേറ്റ് മരിച്ചിരുന്നു. അധോലോക ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയിയുടെ സംഘം കൊലയുടെ ഉത്തരവാദിത്തമേറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.