ചണ്ഡിഗഢ്: ഹരിയാനയിലെ മേവാത്ത് മേഖലയിൽ ഇരു വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിനിടെ ഹോം ഗാർഡ് വെടിയേറ്റു മരിച്ചു. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. കലാപം അയൽനാടുകളിലേക്ക് പടരുന്നത് കനത്ത ആശങ്ക ഉയർത്തുന്നുണ്ട്.
നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിൽ കലാശിച്ചത്. മുസ്ലിം ഭൂരിപക്ഷ മേഖലയായ നൂഹിലെ ഖെഡ്ല മോഡിലെത്തിയപ്പോൾ ഒരു സംഘം യാത്ര തടയാൻ ശ്രമിച്ചു. യാത്രക്കുനേരെ കല്ലേറ് നടത്തിയതായും തിരിച്ചും കല്ലേറുണ്ടായതായും പറയുന്നു. പ്രകടനത്തിൽ പങ്കെടുത്ത ഒന്നിലേറെ കാറുകൾക്ക് തീയിടുകയും ചെയ്തിട്ടുണ്ട്. പൊലീസ് വാഹനങ്ങളും അഗ്നിക്കിരയായി. ഇതറിഞ്ഞ്, ഗുരുഗ്രാം ജില്ലയിലെ സോഹ്നയിൽ നാലു വാഹനങ്ങളും അഗ്നിക്കിരയാക്കി. പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നൂഹിലെ സംഘർഷത്തിൽ എട്ടു പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരാൾക്ക് തലക്കും മറ്റൊരാൾക്ക് വയറ്റിലും വെടിയേറ്റിട്ടുണ്ട്.
ഗുരുഗ്രാമിലെ സിവിൽ ലൈൻസിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് ഗാർഗി കക്കറാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തിരുന്നത്. ബല്ലഭാഗിലെ ബജ്റംഗ്ദൾ പ്രവർത്തകൻ സമൂഹമാധ്യമത്തിലിട്ട വിഡിയോ ആണ് സംഘർഷം സൃഷ്ടിച്ചതെന്ന് പരാതിയുണ്ട്. ഗോരക്ഷാഗുണ്ടയും രാജസ്ഥാനിൽ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകളും പ്രശ്നം വഷളാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണെന്ന് പൊലീസ് പറഞ്ഞു. നൂഹ് ജില്ലയിൽ ആളുകൾ കൂട്ടംകൂടുന്നതുൾപ്പെടെ നിരോധിച്ചിട്ടുണ്ട്. സമീപ ജില്ലകളിൽനിന്ന് അധിക സേനകളെ സ്ഥലത്തെത്തിച്ചതായി ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.