ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടുന്ന വിദേശികളുടെ എണ്ണത്തിൽ അഞ്ചു വർഷത്തിനിടയിൽ ക്രമാനുഗതമായ കുറവ്. 2016ൽ 1106 വിദേശികൾ ഇന്ത്യൻ പൗരത്വം സ്വീകരിച്ചപ്പോൾ 2020ൽ എണ്ണം 639 ആയി കുറഞ്ഞു. 2016 മുതൽ 2020 വരെയുള്ള അഞ്ച് വർഷത്തിനുള്ളിൽ ആകെ 4177 പേരാണ് ഇന്ത്യൻ പൗരത്വം നേടിയതെന്നും മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബിെൻറ ചോദ്യത്തിനുള്ള മറുപടിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിൽ അറിയിച്ചു.
അഞ്ചുവർഷം കൊണ്ട് ആറു ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചുവെന്ന് ലോക്സഭയെ കഴിഞ്ഞ മാസം അറിയിച്ചതിന് പിറകെയാണ് അത്രയും വർഷം കൊണ്ട് അതിെൻറ പത്തുശതമാനം പോലും ഇന്ത്യൻ പൗരത്വം എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. 2016, 2017, 2018, 2019, 2020 എന്നീ വർഷങ്ങളിൽ യഥാക്രമം 1106, 817, 628, 987, 639 ആളുകളാണ് ഇന്ത്യൻ പൗരത്വം നേടിയത്. ഇന്ത്യൻ പൗരത്വം നേടുന്നതിന് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ലഭിച്ച അപേക്ഷകളെ സംബന്ധിച്ച വിവരങ്ങളും അബ്ദുൽ വഹാബ് തേടിയിരുന്നു.
അതിനുള്ള മറുപടിയിൽ ഈ വർഷം ഡിസംബർ 14 വരെ തീർപ്പാകാതെ കിടക്കുന്ന പൗരത്വ അപേക്ഷകൾ 10,695 ആണെന്നും നിത്യാനന്ദ റായ് അറിയിച്ചു. ഇതിൽ പാകിസ്താനിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ 7306. അഫ്ഗാനിസ്താനാണ് (1152) രണ്ടാമത്. 428 അപേക്ഷകൾ ഇപ്പോൾ ഒരു രാജ്യത്തും പൗരത്വം ഇല്ലാത്തവരുടേതാണെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.