ബംഗളൂരു: കർണാടകയിലെ ബിദറിൽ ശിരോവസ്ത്രം ധരിച്ചെത്തിയ നഴ്സിങ് വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. വ്യാഴാഴ്ച നടന്ന ബി.എസ്.എസ് നഴ്സിങ് പരീക്ഷക്ക് ശിരോവസ്ത്രം ധരിച്ചെത്തിയ മുസ്ലിം വിദ്യാർഥികളെയാണ് ഹൈകോടതിയുടെ വാക്കാലുള്ള ഉത്തരവുണ്ടെന്ന് പറഞ്ഞ് ബിദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അധികൃതർ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞത്.
സംഭവ സ്ഥലത്തുണ്ടായിരുന്ന വിദ്യാർഥിയായ അദ്നാൻ ഇംത്യാസാണ് ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചത്. പരീക്ഷ ഹാളിന് മുന്നിൽ ഇവരെ പരീക്ഷ ചുമതലയുള്ളവർ തടയുന്നതിന്റെ വിഡിയോയും ഇംത്യാസ് പുറത്തുവിട്ടു. പരീക്ഷ എഴുതണമെങ്കിൽ ശിരോവസ്ത്രം ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച പരീക്ഷയുണ്ടായിരുന്നില്ല. ഫെബ്രുവരി 15നാണ് അടുത്ത പരീക്ഷ. മതപരമായ വസ്ത്രങ്ങളുമായി ക്ലാസുകളിൽ പ്രവേശിക്കാൻ അനുമതി നൽകില്ലെന്ന വ്യാഴാഴ്ചത്തെ ഹൈകോടതിയുടെ വാക്കാലുള്ള ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ചന്ദ്രകാന്ത് ചില്ലർഗിയുടെ വിശദീകരണം.
ഇതിനിടെ, ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കർണാടകയിലെ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രീ യൂനിവേഴ്സിറ്റി, ഡിഗ്രി കോളജുകൾ തുറക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ചയോടെ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. കോളജുകൾ തുറക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.