മുംബൈ: മറാത്ത സംവരണവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര മന്ത്രിസഭയിൽനിന്ന് രണ്ടു മാസം മുമ്പ് രാജിവെച്ചതായി അജിത് പവാർ പക്ഷ എൻ.സി.പി നേതാവ് ഛഗൻ ഭുജ്ബൽ. ശനിയാഴ്ച ഒ.ബി.സി റാലിയിലാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ നവംബർ 16ന് നൽകിയ രാജി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്വീകരിച്ചില്ലെന്നും രാജിക്കാര്യം വെളിപ്പെടുത്തരുതെന്ന് ഷിൻഡെയും ഉപമുഖ്യമന്ത്രി ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസും ആവശ്യപ്പെടുകയായിരുന്നുവെന്നും ഭുജ്ബൽ പറഞ്ഞു. എം.എൽ.എ സ്ഥാനവും അദ്ദേഹം രാജിവെച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
ഷിൻഡെ മന്ത്രിസഭയിൽ ഭക്ഷ്യവിതരണ മന്ത്രിയാണ് ഭുജ്ബൽ. കുൻഭി വിഭാഗത്തിൽ ഉൾപ്പെടുത്തി മറാത്തകൾക്ക് ഒ.ബി.സി സംവരണം നൽകാനുള്ള സർക്കാർ തീരുമാനത്തെ ശക്തമായി എതിർക്കുന്ന നേതാവാണ് ഭുജ്ബൽ. മറാത്തകൾക്ക് സംവരണം ഏർപ്പെടുത്തുന്നതിന് എതിരല്ലെന്നും എന്നാൽ, അത് ഒ.ബി.സി സംവരണത്തിൽ കൈകടത്തിയാകരുതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. സംസ്ഥാനത്തെ ശക്തനായ ഒ.ബി.സി നേതാവാണ് ഭുജ്ബൽ. മറാത്തകൾക്ക് ഒ.ബി.സി സംവരണം നൽകുന്നതിനെതിരെ ഒ.ബി.സി സംഘടനകൾ സംസ്ഥാനത്ത് റാലികൾ നടത്തിവരുകയാണ്.
ഭുജ്ബൽ രാജി സമർപ്പിച്ചതായി സ്ഥിരീകരിച്ച ദേവേന്ദ്ര ഫഡ്നാവിസ് അത് സ്വീകരിച്ചിട്ടില്ലെന്നും അതേക്കുറിച്ച് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടതെന്നും പറഞ്ഞു. അതേസമയം, ഭുജ്ബലും ഫഡ്നാവിസും ചേർന്നുള്ള നാടകമാണ് രാജിയെന്ന് ഉദ്ധവ് താക്കറെ പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.