ഭുവനേശ്വർ: സ്വന്തം വിവാഹത്തിന് ഹാജരാകാത്തതിന് ബി.ജെ.ഡി എം.എൽ.എ ബിജയ് ശങ്കർ ദാസിനെതിരെ ശനിയാഴ്ച പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വിവാഹ രജിസ്ട്രാർ ഓഫീസിൽ ഹാജരാകാതെ തന്നെ വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഗത്സിങ്പൂർ സദർ പോലീസ് സ്‌റ്റേഷൻ തിർതോൾ നിയമസഭാംഗമായ ദാസിനെതിരെ കേസെടുത്തത്.
ദാസും പെൺകുട്ടിയും മെയ് 17 ന് വിവാഹ രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തീരുമാനിച്ചതു പ്രകാരം 30 ദിവസത്തിന് ശേഷം വെള്ളിയാഴ്ച വിവാഹ ചടങ്ങുകൾക്കായി യുവതി കുടുംബത്തോടൊപ്പം അവിടെ എത്തിയെങ്കിലും എം.എൽ.എ ഹാജരായില്ലെന്നാണ് പരാതി. എന്നാൽ വിവാഹം കഴിക്കുന്ന കാര്യം 30 കാരനായ ദാസ് നിഷേധിച്ചിട്ടില്ല.
വിവാഹ രജിസ്ട്രേഷന് ഇനിയും 60 ദിവസമുണ്ട്. അതിനാലാണ് വരാതിരുന്നതെന്നും രജിസ്ട്രാർ ഓഫീസിൽ പോകാൻ ഭാവിവധുവോ മറ്റാരും അറിയിച്ചിരുന്നില്ലെന്നും ദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്ന് വർഷമായി ദാസുമായി തനിക്ക് ബന്ധമുണ്ടെന്ന് യുവതി അവകാശപ്പെട്ടു. നിശ്ചയിച്ച തീയതിയിൽ തന്നെ വിവാഹം കഴിക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്തു. അയാളുടെ സഹോദരനും മറ്റ് കുടുംബാംഗങ്ങളും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും തന്റെ ഫോൺ കോളുകളോട് ദാസ് പ്രതികരിക്കുന്നില്ലെന്നും പെൺകുട്ടി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.