ഭുവനേശ്വർ: പാമ്പിനെ റൂമിലേക്ക് തുറന്നുവിട്ട് ഭാര്യയേയും രണ്ട് വയസുള്ള മകളേയും കൊന്നയാൾ പിടിയിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. ഒരു മാസം മുമ്പ് നടന്ന സംഭവത്തിൽ പ്രതിയെ ഇപ്പോഴാണ് പിടികൂടുന്നത്.
കെ.ഗണേഷ് പാത്ര എന്നയാളാണ് പൊലീസ് പിടിയിലായത്. ഭാര്യ ബാസന്തി പാത്രയുമായി ഇയാൾക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇവർക്ക് ദേബാസ്മിത എന്ന പേരിൽ രണ്ട് വയസായ മകളുമുണ്ട്.
പാമ്പുകളെ ആരാധിക്കുന്ന സ്ഥലത്ത് നിന്നാണ് ഇയാൾ വിഷപാമ്പിനെ പിടികൂടിയത്. തുടർന്ന് ഒക്ടോബർ ആറിന് ജാറിലടച്ച് വീട്ടിലെത്തിച്ച മൂർഖൻ പാമ്പിനെ ഭാര്യയും മകളും ഉറങ്ങുന്ന മുറിയിലേക്ക് തുറന്നുവിട്ടു. പിറ്റേദിവസം രാവിലെ രണ്ട് പേരെയും പാമ്പുകടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. തുടർന്ന് പ്രതിയുടെ ഭാര്യ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതെന്ന് ഗഞ്ചം ജില്ലാ പൊലീസ് സൂപ്രണ്ട് ജഗ്മോഹൻ മീണ പറഞ്ഞു.
ചില തെളിവുകൾ ശേഖരിക്കാനുണ്ടായിരുന്നു. അതാണ് പ്രതിയുടെ അറസ്റ്റ് വൈകുന്നതിന് ഇടയാക്കിയത്. ചോദ്യം ചെയ്യലിനിടെ പ്രതി ആദ്യം കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത്. എന്നാൽ, പിന്നീട് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.