ബാലസോര്‍: ഒഡിഷയിലെ ബാലസോറിൽ 50ലേറെ പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ടത് മൂന്നുട്രെയിനുകൾ. രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് പാളം തെറ്റി എതിർ ട്രാക്കിൽ വീഴുകയും പിന്നാലെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചുകയറുകയുമായിരുന്നുവെന്ന് റെയിൽവേ വക്താവ് അമിതാഭ് ശർമ പറഞ്ഞു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസും (12841) , യശ്വന്ത്പുര്‍- ഹൗറ (12864) എക്സ്പ്രസും ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്.
കൊൽക്കത്തയിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന 12841 നമ്പർ കോറമാണ്ഡൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് പത്തോളം കോച്ചുകൾ പാളം തെറ്റി എതിർ ട്രാക്കിൽ വീണു. പിന്നാലെ എത്തിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഈ ബോഗികളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ ട്രെയിനിന്റെ നാല് കോച്ചുകളും പാളം തെറ്റി.
ബാലസോര്‍ ജില്ലയിലെ ബഹാനഗർ ബസാർ സ്റ്റേഷനിലാണ് വൈകിട്ട് 7.20ഓടെ അപകടമുണ്ടായത്. 350ലേറെ പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക കണക്ക്. മരണ സംഖ്യ ഉയരാനാണ് സാധ്യത. ബാലസോർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരവധി പേരെ പ്രവേശിപ്പിച്ചതായി ഒഡിഷയിലെ സ്പെഷൽ റിലീഫ് കമീഷണർ സത്യബ്രത സാഹൂ പറഞ്ഞു. പാളം തെറ്റിയ കോച്ചുകൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തകരെ സഹായിക്കാൻ പ്രദേശവാസികളും രംഗത്തുണ്ട്. അപകടം രാത്രിയായതിനാൽ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി നേരിട്ടു.
മരിച്ച 50 പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും നിസാരമായി പരിക്കേറ്റവർക്ക് 50000 രൂപയും നൽകും. മന്ത്രി സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ദുരിതാശ്വാസ പ്രവർത്തനത്തിൽ സഹായിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രത്യേക സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചു. റവന്യൂ മന്ത്രി പ്രമീള മലിക്കിനോടും സത്യബ്രത സാഹൂവിനോടും അപകട സ്ഥലത്തേക്കെത്താൻ മുഖ്യമന്ത്രി നവീൻ പട്നായിക് നിർദേശം നൽകി.
ദുരിതാശ്വാസ ട്രെയിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. ഒഡിഷ ദുരന്ത നിവാരണ സേനയുടെ നാല് യൂനിറ്റുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് യൂനിറ്റുകളും 60 ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനുണ്ട്. പ്രദേശത്തെ ആശുപത്രികളിൽ അടിയന്തര ചികിത്സക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തെത്തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.