മിനാത്തി പട്നായിക്കിന് പ്രായം 63 പിന്നിട്ടു. വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടുന്നുണ്ട്. എന്നാൽ മനസിനെ പ്രായമോ, അസുഖമോ ഒന്നും ബാധിച്ചിട്ടില്ല. ഒഡീഷ കട്ടക്കിലെ മൂന്ന് നില വീട്ടിൽ ഭർത്താവിനും മകൾക്കുമൊപ്പമായിരുന്നു മിനാത്തിയുടെ ലോകം. വൃക്ക തകരാറിലായ ഭർത്താവ് കഴിഞ്ഞ വർഷം മരിച്ചു. ആ വേദനകൾ മറികടക്കും മുെമ്പ മകളും ഹൃദയസ്തംഭനം മൂലം മരണത്തിന് കീഴടങ്ങി. വേദനകളിൽ ഒറ്റപ്പെട്ടുപോയ മിനാത്തിയെ ചേർത്ത് പിടിച്ചത് ബുധ സമൽ എന്ന റിക്ഷാവാലയായിരുന്നു.
കഴിഞ്ഞ 25 വർഷമായി മിനാത്തിയുടെ കുടുംബത്തിന്‍റെ എന്താവശ്യങ്ങൾക്കും ബുധ സമൽ എന്ന റിക്ഷാവാലയുണ്ടായിരുന്നു. റിക്ഷ വലിച്ച് കിട്ടുന്ന തുച്ഛമായ പണമായിരുന്നു ബുധയുടെ കുടുംബത്തിന്‍റെ ആകെ വരുമാനം. അങ്ങനെയിരിക്കെ ബുധയോട് മിനാത്തി കഴിഞ്ഞ ദിവസം ഒരു കാര്യം പറഞ്ഞു 'ഈ മൂന്ന് നില വീടും കോടികൾ വിലമതിക്കുന്ന മറ്റ് സ്വത്തുവഹകളും ഇനി ബുധക്കുള്ളതാണ്''. ആ ഞെട്ടലിൽ നിന്ന് ബുധ ഇനിയും മുക്തനായിട്ടില്ല.
മിനാത്തി ഇത് സംബന്ധിച്ചു മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്: ''ഭർത്താവും മകളും നഷ്ടമായതോടെ ഞാൻ പൂർണമായും തകർന്നു, ദുഃഖത്തിലാണ്ടുപോയ എന്നെ ബന്ധുക്കളാരും തിരിഞ്ഞുനോക്കിയില്ല. ഒറ്റപ്പെട്ടു. എന്നാൽ ഞാൻ ഒറ്റപ്പെട്ട ആ നാളുകളിൽ ബുധയും കുടുംബവും എനിക്കൊപ്പം നിൽക്കുകയും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്നെ പരിപാലിക്കുകയും ചെയ്തു. എന്‍റെ ബന്ധുക്കൾക്ക് ആവശ്യത്തിലേറെ സ്വത്തുണ്ട്. എന്‍റെത് ഒരു പാവപ്പെട്ട കുടുംബത്തിന് നൽകാൻ ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. ആ തീരുമാനമാണ് ബുധയിലേക്ക് എത്തിയത്. എന്‍റെ മരണശേഷം ആരും അവരെ ഉപദ്രവിക്കാതിരിക്കാൻ എല്ലാം നിയമപരമായി രേഖകളാക്കിയെന്നും അവർ പറഞ്ഞു.''
ബുധയായിരുന്നു എന്‍റെ മകളെ കോളേജിലേക്ക് കൊണ്ടുപോയിരുന്നത്. ഞങ്ങളുടെ കുടുംബത്തിന്‍റെ റിക്ഷാക്കാരനായിരുന്നു ആ മനുഷ്യൻ. വിശ്വസ്തനായിരുന്നു. ഞാനിപ്പോൾ ചെയ്തത് വലിയ കാര്യമൊന്നുമല്ല, അവൻ അർഹിക്കുന്ന ഒന്നാണത്... മിനാറ്റി കൂട്ടിച്ചേർത്തു.
മിനാറ്റിയുടെ മൂന്ന് സഹോദരിമാരിൽ രണ്ട് പേർ ഈ തീരുമാനത്തെ ശക്തമായി എതിർത്തെങ്കിലും പക്ഷെ മിനാറ്റി തീരുമാനത്തിൽ ഉറച്ചുനിന്നു.
മാതാപിതാക്കളും ഭാര്യയും ഒരു മകളടക്കം മുന്ന് മക്കളുമടങ്ങുന്നതാണ് ബുധയുടെ കുടുംബം.മാ(മിനാറ്റി)യുടെ തീരുമാനം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നായിരുന്നു ബുധ പറഞ്ഞത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ഈ കുടുംബത്തെ സേവിക്കുന്നു, എന്‍റെ മരണം വരെ അത് തുടരുമെന്നും ബുധ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.