ജിദ്ദ: സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം വീണ്ടും അനിശ്ചിതത്വത്തിലേക്ക്. ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാത്തതിനാൽ നാട്ടിൽ അവധിക്കു പോയി കുടുങ്ങിയ പ്രവാസികൾ ദുബൈ, ഒമാൻ, ബഹ്റൈൻ, നേപ്പാൾ, മാലദ്വീപ് വഴി 14 ദിവസത്തെ ക്വാറൻറീൻ അവിടെ പൂർത്തിയാക്കിയാണ് സൗദിയിൽ എത്തിയിരുന്നത്. ഇതിൽ ദുബൈയിൽ നിന്നുള്ള പ്രവേശനം നേരേത്ത സൗദി സർക്കാർ നിർത്തലാക്കിയിരുന്നു. ഒമാൻ കഴിഞ്ഞ ആഴ്ച സന്ദർശന വിസ നിർത്തി. ഇതുമൂലം ബഹ്റൈൻ, നേപ്പാൾ, മാലദ്വീപ് വഴിയാണ് ആളുകളെത്തുന്നത്.
ഇതിനിടക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ നേപ്പാൾ, മാലദ്വീപ് രാജ്യങ്ങൾ സന്ദർശക വിസക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. വിദേശികൾക്ക് കോവിഡ് പി.സി.ആർ പരിശോധന നിർത്തിയതായി ഞായറാഴ്ചയാണ് നേപ്പാൾ സർക്കാർ അറിയിച്ചത്. ഇതോടെ നേപ്പാൾ വഴിയുള്ള യാത്ര മുടങ്ങും എന്ന ആശങ്കയിലായിരുന്നു പ്രവാസികൾ. എന്നാൽ ഇന്ത്യയുമായി എയർ ബബ്ൾ കരാർ നിലനിൽക്കുന്നതിനാൽ നേപ്പാൾ സർക്കാർ ഈ തീരുമാനം തിങ്കളാഴ്ച വൈകീട്ടോടെ പിൻവലിച്ചു. ഇന്ത്യക്കാരായ സന്ദർശക വിസക്കാർക്ക് പി.സി.ആർ പരിശോധന തുടരാനുള്ള തീരുമാനം പ്രവാസികൾക്ക് ആശ്വാസമായി. എങ്കിലും കോവിഡ് ഇന്ത്യയിൽ കുതിച്ചുയരുന്ന സാഹചര്യത്തിൽ നേപ്പാൾ സർക്കാർ മറ്റു നിയന്ത്രണങ്ങൾ വരുത്തുമോ എന്ന ആശങ്കയുണ്ട്.
സൗദി പ്രവാസികൾ യാത്രക്കായി ആശ്രയിച്ചിരുന്ന മാലദ്വീപും കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍നിന്നുള്ള സന്ദർശകർക്ക് നിയന്ത്രണം കൊണ്ടുവന്നു. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗെസ്റ്റ് ഹൗസുകളിലും ഇന്ത്യക്കാരെ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ചൊവ്വാഴ്ച മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുക. എന്നാൽ നിലവിൽ മാലദ്വീപിൽ എത്തിയവർക്ക് പ്രയാസമില്ലാതെ സൗദിയിലേക്ക് എത്താൻ സാധിക്കും. ഇനി വരാൻ ബുക്ക് ചെയ്തവർക്കായിരിക്കും പ്രയാസം നേരിടുക. ഹോട്ടലുകളിലും ഗെസ്റ്റ് ഹൗസുകളിലും നിലവില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ബുക്കിങ് തീരുംവരെ താമസിക്കാന്‍ അനുവദിക്കും. ചൊവ്വാഴ്ച മുതല്‍ പുതിയ ബുക്കിങ് അനുവദിക്കില്ല. ജനങ്ങളുമായി ബന്ധമില്ലാത്ത വിദൂര സ്ഥലങ്ങളിലുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നിയന്തണം ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
സൗദി പ്രവാസികളുടെ മറ്റൊരു ആശ്രയ രാജ്യമായിരുന്നു ബഹ്റൈൻ. ബഹ്റൈനിൽ സന്ദർശക വിസ നടപടികൾ രാജ്യം കർശനമാക്കിയതോടെ പലർക്കും വിസ ലഭിക്കുന്നില്ല. ചുരുക്കം അപേക്ഷകർക്ക് മാത്രമാണ് സന്ദർശന വിസ കിട്ടുന്നതെന്ന് സൗദിയിലേക്ക് ഗതാഗത സൗകര്യം ചെയ്യുന്ന ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. പെരുന്നാളിനു ശേഷം നിരവധി പേരാണ് സൗദിയിലേക്ക് മടങ്ങാനായി ബുക്ക് ചെയ്തതെന്നും ഇവരുടെ യാത്ര ഇനി നിയന്ത്രണങ്ങളില്ലാത്ത രാജ്യങ്ങൾ വഴി ആക്കേണ്ടിവരുമെന്നും അതിനുള്ള അന്വേഷണത്തിലാണെന്നും ട്രാവൽ മേഖലയിലുള്ളവർ അറിയിച്ചു. 75,000 രൂപ മുടക്കി ദുബൈ വഴി എത്തിയിരുന്ന സമയത്താണ് സൗദി അവിടെ നിന്നും വിലക്കേർപ്പെടുത്തിയത്. പിന്നീട് മറ്റു മൂന്നു രാജ്യങ്ങൾ വഴി 95,000 മുതൽ 1,10,000 രൂപക്ക് മുകളിൽ ചെലവാക്കിയാണ് ആളുകൾ എത്തിയത്. സൗദിയിൽനിന്ന് മേയ് 17ന് അന്താരാഷ്ട്ര വിമാന സർവിസുകൾ ആരംഭിക്കുമെന്ന അറിയിപ്പിനെ തുടർന്ന് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക് അവധിയിൽ പോയത്. പെരുന്നാൾ ആഘോഷിക്കാനും മറ്റുമായി നിരവധി പേർ അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യാനിരിക്കുകയുമാണ്. ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സൗദിയിലേക്കുള്ള വിമാന സർവിസുകൾ ഇനിയും നീളാൻ സാധ്യതയുള്ളതിനാലും മറ്റു രാജ്യങ്ങൾ ഇന്ത്യക്കാരുടെ പ്രവേശനത്തിന് കടുത്ത നിയന്ത്രങ്ങൾ നടപ്പാക്കുകയും ചെയ്താൽ സൗദി പ്രവാസികളുടെ മടക്കം പ്രതിസന്ധിയിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.