ഛണ്ഡിഗഢ്: പൊതുസ്ഥലങ്ങളിൽ നമസ്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. തുറന്ന സ്ഥലങ്ങളിൽ നമസ്കരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇപ്പോൾ ഹരിയാനയിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഖട്ടാർ പറഞ്ഞു.
നേരത്തെ ചില പ്രത്യേക സ്ഥലങ്ങളിൽ മുസ്ലിംകൾക്ക് നമസ്കരിക്കാൻ അനുമതി നൽകികൊണ്ട് പുറത്തിറക്കിയ ഉത്തരവ് മുൻസിപ്പൽ കോർപ്പറേഷൻ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഹരിയാന മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 2018ൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ഉടമ്പടിയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
എല്ലാവർക്കും പ്രാർഥിക്കാനുള്ള അവസരം ലഭിക്കും. എന്നാൽ, ഒരാൾക്ക് മറ്റൊരാളുടെ അവകാശങ്ങൾക്ക് മേൽ കടന്നു കയറാനാവില്ല. മുസ്ലിംകൾക്ക് ചില പ്രത്യേക സ്ഥലങ്ങളിൽ നമസ്കരിക്കാനായി 2018ൽ നൽകിയ കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പൊലീസും ഡെപ്യൂട്ടി കമ്മീഷണറും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ഖട്ടാറിന്‍റെ മറുപടി. തൽക്കാലത്തേക്ക് വീടുകളിൽ എല്ലാവരും നമസ്കാരം നടത്തണമെന്നും ഹരിയാന മുഖ്യമന്ത്രി നിർദേശിച്ചു.
ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ച ഹിന്ദു സംഘടന പ്രവർത്തകർ വീണ്ടും ജുമുഅ തടഞ്ഞിരുന്നു. ഗുരുഗ്രാം സെക്ടർ 37ൽ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തിയാണ് ജുമുഅ തടസ്സപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച പ്രതിഷേധത്തിനിടയിലും ഹാജി ശഹ്സാദിെൻറ നേതൃത്വത്തിൽ ജുമുഅ നടന്ന സെക്ടർ 37ലെ ഗ്രൗണ്ടിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചാണ് നമസ്കാരം തടസ്സപ്പെടുത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.