മുംബൈ: വിവാഹം രജിസ്റ്റർ ചെയ്യാൻ വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ നിർബന്ധിച്ച് ഓഫിസിന്റെ രണ്ടാംനിലയിലേക്ക് വരുത്തിച്ച സംഭവത്തിൽ മാര്യേജ് ഓഫിസർക്ക് സസ്പെൻഷൻ. ഓഫിസർ അരുൺ ഗോഡേക്കറിനെയാണ് മഹാരാഷ്ട്ര റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വിരാലി മോദിക്കാണ് ദുരനുഭവം നേരിട്ടത്. വീൽചെയറിൽ കഴിയുന്ന തന്നെ വിവാഹദിനത്തിൽ നിർബന്ധിച്ച് വിവാഹ രജിസ്ട്രാർ ഓഫിസിന്റെ രണ്ടാംനിലയിലേക്ക് വിളിപ്പിച്ച സംഭവം അവർ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചതോടെ വിവാദമാവുകയായിരുന്നു. കെട്ടിടത്തിന് ലിഫ്റ്റ് ഇല്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടിയാണ് വിരാലി രണ്ടാംനിലയിലെത്തിയതെന്നും അവർ കുറിച്ചു.
വിരാലി തന്റെ അവസ്ഥ വിവരിച്ചിട്ടും ഉദ്യോഗസ്ഥർ താഴേക്ക് ഇറങ്ങിവരാൻ തയാറായില്ല. വീൽചെയറിൽ കഴിയുന്ന വ്യക്തിയാണ്. എന്നാൽ എന്നെ ഏറെ സ്നേഹിക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ എനിക്ക് അവകാശമില്ലേ? വളരെ കുത്തനെയുള്ള ഗോവണിയായിരുന്നു. ആ കോണിപ്പടികളിൽ നിന്ന് താഴേക്ക് വീണിരുന്നെങ്കിൽ എന്തായിരുന്നു എന്റെ അവസ്ഥ? ആര് ഉത്തരവാദിത്തം പറയുമായിരുന്നു?-എന്നാണ് വിരാലി ചോദിച്ചത്. പോസ്റ്റ് ശ്രദ്ധയിൽ പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിരാലിയോട് ക്ഷമാപണം നടത്തി. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉറപ്പുനൽകി. ഖോദേകറാണ് ഭിന്നശേഷിക്കാരിയായ യുവതി കെട്ടിടത്തിന്റെ രണ്ടാംനിലയിലേക്ക് വരണമെന്ന് വാശിപിടിച്ചതെന്ന് സംസ്ഥാന റവന്യൂവകുപ്പ് അറിയിച്ചു.
വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ താഴെ വരാൻ വിരാലി മോദിയുമായും അവരുടെ പ്രതിശ്രുത വരൻ ക്ഷിതിജ് നായകുമായും അടുപ്പമുള്ള ആളുകൾ ഗോഡേക്കറെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ലിഫ്റ്റ് ഇല്ലാത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് വരണമെന്ന് ഗോഡേക്കർ നിർബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.